ഫാഷൻ ലോകത്തെ വണ്ടർ കിഡ് പദവി നേടി എറിക്ക് ഷിജോ ജോൺ

ഫാഷൻ ലോകത്തെ വണ്ടർ കിഡ് പദവി നേടി എറിക്ക് ഷിജോ ജോൺ

പുൽപ്പള്ളി : എറിക് ഷിജോ ജോൺ ഒന്നര വയസ്സിൽ തുടങ്ങിയ ക്യാറ്റ് വാക്ക് ഇന്ന് ഫാഷൻ ലോകത്തെ ‘വണ്ടർകിഡ്’! എന്ന അംഗീകാരത്തോടെ റെക്കോർഡിട്ട് മൂന്നുവയസ്സിൽ എത്തിയിരിക്കുകയാണ്.ഫാഷൻ ലോകത്ത് ചുവടുറപ്പിക്കാൻ വർഷങ്ങളുടെ പരിശീലനവും അനുഭവസമ്പത്തും വേണമെന്നാണ് പൊതുവെ പറയാറുള്ളത്.എന്നാൽ,കളിപ്പാട്ടങ്ങളോട് കൂട്ടുകൂടുന്ന പ്രായത്തിൽ,രാജ്യത്തെ പ്രമുഖ ഫാഷൻ റാംപുകളിൽ ക്യാറ്റ് വാക്ക് ചെയ്ത് കാണികളുടെയും വിധികർത്താക്കളുടെയും മനംകവരുകയാണ് ഏറീക് ഷിജോ ജോൺ എന്ന മൂന്നുവയസ്സുകാരൻ.
എൺപത്തഞ്ചിലധികം റൺവേകൾ,പത്തോളം ദേശീയ-സംസ്ഥാന ടൈറ്റിലുകൾ,റെക്കോർഡ് ബുക്കുകളിലെ ഇടം എന്നിവയോടെ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ കുട്ടി മോഡലുകളിലൊരാളായി മാറിയിരിക്കുകയാണ് മനം കവരും കുട്ടിത്താരം.

വയനാട് മുള്ളൻകൊല്ലി സ്വദേശിയായ ഷിജോ ജോണിന്റെയും കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിയായ ദൃശ്യയുടെയും രണ്ടാമത്തെ മകനാണ് ഏറീക്.ഫാഷൻ ലോകത്ത് ജീവ എന്നാണ് ഏറീക് അറിയപ്പെടുന്നത്.നിലവിൽ ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഈ കുടുംബത്തിൽ ഫാഷൻ മോഡലിങ് പശ്ചാത്തലമുള്ളവരാരും ഉണ്ടായിരുന്നില്ല.അച്ഛൻ ഷിജോ ഒരു ഹെയർ സ്റ്റൈലിസ്റ്റാണ്.ഏറീക്കിന് ഒന്നര വയസ്സുള്ളപ്പോഴാണ് അവനിലെ വ്യത്യസ്തനായ കലാകാരനെ മാതാപിതാക്കൾ തിരിച്ചറിയുന്നത്.മാളുകളിലും മറ്റും പോകുമ്പോൾ അവിടെയുള്ള സ്റ്റേജുകളിലെ ലൈറ്റുകളും സംഗീതവും അവനെ ഏറെ ആകർഷിച്ചിരുന്നു.ആങ്കർമാരുടെ കൂടെ സ്വയം റാംപിലേക്ക് കയറി പിച്ചവച്ചു നടക്കാനും താളത്തിനൊത്ത് തുള്ളിച്ചാടാനും അവൻ കാണിച്ച ഉത്സാഹം മാതാപിതാക്കൾ ശ്രദ്ധിച്ചു.ക്യാമറയ്ക്ക് മുന്നിൽ വസ്ത്രങ്ങൾ അണിഞ്ഞ് സ്വയം പോസ് ചെയ്യുന്നതിലും അവൻ വല്ലാത്ത ആവേശം കാണിച്ചിരുന്നു.

കോഴിക്കോട് എംരിട്സ് ഫാഷൻ കമ്പനിയിലെ അൻഷദ് അസീസ് ആണ് രണ്ടാം വയസ്സിൽ ഏറീക്കിനെ വേദിയിലെത്തിക്കുന്നത്.3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളുടെ കാറ്റഗറിയിൽ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരുന്നിട്ടും,സബ്‌ടൈറ്റിൽ നേട്ടത്തോടെ അവൻ വേദിയിൽ തിളങ്ങി.തുടർന്നങ്ങോട്ട് കേരളം,ബെംഗളൂരു,ഗോവ,ഡൽഹി,മുംബൈ തുടങ്ങി നഗരങ്ങളിലെ വൻകിട ഫാഷൻ ഷോകളിൽ ഏറീക് സ്ഥിരം സാന്നിധ്യമായി.പ്രശസ്ത വ്യവസായി ബോച്ചെയുടെ ഷോയിൽ ഉൾപ്പെടെ ഏറീക് തന്റെ സാന്നിധ്യം അറിയിച്ചു.ഇന്ന് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനേക്കാൾ,മറ്റു കുട്ടികൾക്ക് അവസരം നൽകാനായി ഷോ അംബാസഡറായും വിശിഷ്ട അതിഥിയായുമാണ് ഏറീക് സ്റ്റേജുകളിലെത്തുന്നത്.

∙ 85-ലധികം റൺവേകളിൽ ക്യാറ്റ്‌വാക്ക് ചെയ്തു
∙ 35-ലധികം പ്രമുഖ ഡിസൈനർ ഷോകളിൽ പങ്കെടുത്തു
∙ 15-ലധികം ബ്രാൻഡ് ഷോകളിൽ തിളങ്ങി.
∙ 29 തവണ ‘ഷോ സ്റ്റോപ്പർ’ ആയി തിരഞ്ഞെക്കപ്പെട്ടു.
∙ 15-ലധികം ഷോകളിൽ വിശിഷ്ട അതിഥിയായി ക്ഷണിക്കപ്പെട്ടു.

മൂന്ന് വയസ്സ് തികയുന്നതിന് മുൻപ് തന്നെ മുംബൈയിൽ വച്ച് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മോഡലിനുള്ള അവാർഡ് (യങ്ങസ്റ്റ് മോഡൽ അവാർഡ്) ഏറീക് സ്വന്തമാക്കിയിരുന്നു. കിഡ് ഓഫ് ട്രാവൻകൂർ,മിസ്റ്റർ ജൂനിയർ ഇന്ത്യ, ലിറ്റിൽ പ്രിൻസ് കർണാടക,ഫാഷൻ കിഡ് മൈസൂർ,ബെസ്റ്റ് കിഡ് മോഡൽ – തുംകൂർ,ബെസ്റ്റ് കിഡ് ബോയ് മോഡൽ – കളേഴ്‌സ് ഓഫ് ഓണം ഷോ അംബാസഡർ ബെംഗളൂരു, ബെസ്റ്റ് കിഡ് മോഡൽ 2026,ബ്രാൻഡ് അംബാസഡർ – ഡൽഹി ഡിസൈനർ ഷോ,ഐക്കൺ ഓഫ് ഇന്ത്യ പ്രോഡിജിയസ് കിഡ് അവാർഡ് എന്നീ ടൈറ്റിലുകളും ഈ കൊച്ചു മിടുക്കൻ സ്വന്തമാക്കി.

വിജ്ഞാനത്തിലും റെക്കോർഡ് തിളക്കവുമായി എറിക് മുന്നേറുന്നു.മോഡലിങ്ങിൽ മാത്രമല്ല,ബുദ്ധിശക്തിയിലും ഏറീക് മുന്നിലാണ്.ഒന്നര വയസ്സിൽ തന്നെ അക്ഷരമാലകളും അക്കങ്ങളും നിറങ്ങളും രൂപങ്ങളും എളുപ്പത്തിൽ തിരിച്ചറിഞ്ഞ അവന് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്’ ലഭിച്ചിരുന്നു.ചെറുപ്രായത്തിൽ തന്നെ പെയിന്റിങ്ങിലും സംഗീത ഉപകരണങ്ങളിൽ താളം പിടിക്കുന്നതിലുമുള്ള കഴിവ് പരിഗണിച്ച് ‘ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സ്’ അംഗീകാരവും ‘മൾട്ടി ടാലന്റഡ്’ കാറ്റഗറിയിൽ എറിക് സ്വന്തമാക്കി.സ്വന്തം പേരിൽ ബ്രാൻഡ് തന്നെ ആരംഭിച്ച് പോപ്പുലർ ആയിരിക്കുകയാണ് എറിക്ക്.മകന്റെ ഈ അടങ്ങാത്ത അഭിരുചി കണ്ട കുടുംബം ‘ഏറീക് കൾട്ടീവ് സ്റ്റുഡിയോ’ എന്ന പേരിൽ ഒരു മോഡലിങ് സ്റ്റുഡിയോയും ബ്രാൻഡും ആരംഭിച്ചു.

കഴിഞ്ഞ ഫെബ്രുവരി 14-നായിരുന്നു ഏറീക് കൾട്ടീവ് സ്റ്റുഡിയോയുടെ തുടക്കം.2026 – ഒക്ടോബർ 3, 4 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് ‘ഏറീക്’ ബ്രാൻഡിന്റെ സ്വന്തം ഫാഷൻ ഷോ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ കുടുംബം.ട്രിവാൻഡ്രം സെന്റ് സേവ്യർ കോളജിൽ വച്ചാണ്ഏറീക്സ് ഫാഷൻ ഷോ നടക്കുക.കേരളത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി കുട്ടികളും ബ്രാൻഡുകളും പങ്കെടുക്കുന്ന ഈ ഷോയുടെ അംബാസഡർ എറികും,ഷോ ഡയറക്ടർ അമ്മ ദൃശ്യയുമാണ്.

കൊല്ലം സ്വദേശിയും പരിശീലകനുമായ തൻവിൻ താജ് ആണ് ഏറീക്കിനെ മോഡലിങ്ങിന്റെ ആദ്യ പാഠങ്ങൾ അഭ്യസിപ്പിച്ചത്.ഡിസൈനറായ ഷമീർ ബിൻ കാരേമാണ് ഏറീക്കിനു വേണ്ടിയുള്ള വസ്ത്രാലങ്കാരം ചെയ്തത് അഞ്ചാം ക്ലാസ് വിദ്യാർഥിയായ എൻട്രീക് ഷിജോ ആണ് ഏറീക്കിന്റെ ജ്യേഷ്ഠൻ.നാല് വയസ്സ് തികയുന്നതോടെ എറിക്കിനെ രാജ്യാന്തര തലത്തിലുള്ള മോഡലിങ് മത്സരങ്ങളിൽ പങ്കെടുപ്പിക്കാനും കൃത്യമായ വിദഗ്ധ പരിശീലനം നൽകാനുമാണ് കുടുംബത്തിന്റെ തീരുമാനം.ലോക ഫാഷൻ വേദികളിൽ ഇന്ത്യയുടെ പതാക ഉയർത്തുക എന്ന വലിയ സ്വപ്നത്തിലേക്ക് ഈ കൊച്ചു മിടുക്കൻ ഇപ്പോൾ തന്നെ യാത്ര ആരംഭിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *