ഹരിത തിരഞ്ഞെടുപ്പ് സന്ദേശവുമായി ‘പ്ലാസ്റ്റിക് മാൻ’ ശ്രദ്ധേയമാകുന്നു

ഹരിത തിരഞ്ഞെടുപ്പ് സന്ദേശവുമായി ‘പ്ലാസ്റ്റിക് മാൻ’ ശ്രദ്ധേയമാകുന്നു

കൽപറ്റ : നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ജില്ലാ ശുചിത്വ മിഷൻ ആരംഭിച്ച വ്യത്യസ്തമായ ബോധവൽക്കരണ പരിപാടിയായ ‘പ്ലാസ്റ്റിക് മാൻ’ ജനശ്രദ്ധ നേടുന്നു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് വോട്ടർമാരിലും ഉദ്യോഗസ്ഥരിലും അവബോധം സൃഷ്ടിക്കാനാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ശരീരമൊട്ടാകെ തുന്നിച്ചേർത്ത് തയ്യാറാക്കിയ വസ്ത്രം ധരിച്ചാണ് ‘പ്ലാസ്റ്റിക് മാൻ’ പൊതുജനങ്ങൾക്കിടയിലേക്ക് എത്തുന്നത്.

മനുഷ്യർ പ്രകൃതിയിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങനെ ജീവിതത്തെയും പരിസ്ഥിതിയെയും ബാധിക്കുന്നു എന്നതിന്റെ ജീവിക്കുന്ന പ്രതീകമായാണ് ഈ അവതരണം.തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ലാസ്റ്റിക്,ഫ്ലക്സ് എന്നിവ ഒഴിവാക്കി പകരം തുണി, കടലാസ് പോലുള്ള പുനരുപയോഗയോഗ്യ വസ്തുക്കൾ മാത്രം ഉപയോഗിക്കണമെന്ന് സ്ഥാനാർഥികളെയും രാഷ്ട്രീയ പാർട്ടികളെയും ബോധവൽക്കരിക്കുകയാണ് ഹരിത തിരഞ്ഞെടുപ്പ് ക്യാമ്പയിൻ വഴി ശുചിത്വ മിഷൻ ലക്ഷ്യമിടുന്നത്.

അതോടൊപ്പം,പോളിംഗ് സ്റ്റേഷനുകളിൽ ഡിസ്‌പോസിബിൾ പാത്രങ്ങളും പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കി ഹരിത ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളിൽ പ്രചരിപ്പിക്കുന്നു. ജില്ലയിലെ പ്രധാന ബസ് സ്റ്റാൻഡുകൾ,ചന്തകൾ, വിദ്യാലയങ്ങൾ,തിരഞ്ഞെടുപ്പ് ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ‘പ്ലാസ്റ്റിക് മാൻ’ സന്ദർശനം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ലളിതമായ ബോധവൽക്കരണ ക്ലാസുകൾ നൽകുകയും ചെയ്യുന്നു.പരിസ്ഥിതി സംരക്ഷണവും ശുചിത്വവും ഉറപ്പാക്കുന്ന ഹരിത തിരഞ്ഞെടുപ്പിന്റെ സന്ദേശം ശക്തമായി സമൂഹത്തിൽ പടരാൻ ഈ വ്യത്യസ്തമായ സംരംഭം സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *