യുദ്ധത്തിന് ശമനമില്ലെങ്കിലും കണക്കുകൂട്ടല്‍ തെറ്റിച്ച്‌ സ്വര്‍ണം;ഇന്ന് പവന് ₹2,400 കുറഞ്ഞു;എന്തുകൊണ്ട് വില ഇടിവ്?

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വ‌ർണ വിലയില്‍ വൻ ഇടിവ്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കത്തിക്കയറിയതിനു ശേഷമാണ് തിങ്കളാഴ്ചത്തെ (2026 മാർച്ച്‌ 2) വ്യാപാരത്തില്‍ സ്വർണ വില കുത്തനെ താഴേക്ക് വീണത്.22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്.ഇതോടെ ഇന്ന് രാവിലെ 22 കാരറ്റിന്റെ ഒരു ഗ്രാമിന്റെ വിപണി വില 15,565 രൂപയായി താഴ്ന്നു.ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവന് 2,400 രൂപ താഴ്ന്ന് പുതുക്കിയ വില 1,24,520 രൂപയായി.അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 245 രൂപ കുറഞ്ഞ് 12,785 രൂപയാണ് ഇന്ന് രാവിലത്തെ വിപണി വില.

ഇത് സ്വർണ വ്യാപാരികളുടെ സംഘടനായ കെ.ജി.എസ്.എം.എയുടെ കീഴിലുള്ള ജൂവല്‍റികളിലെ നിരക്കാണ്.എന്നാല്‍ എ.കെ.ജി.എസ്.എം.എയുടെ കീഴിലുള്ള കടകളില്‍ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 12,850 രൂപയാണ് ഇന്നത്തെ വിലയായി നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം 14 കാരറ്റിന്റെ ഒരു ഗ്രാമിന് 190 രൂപ താഴ്ന്ന് 9,955 രൂപയാണ് തിങ്കളാഴ്ച വിപണി വിലയായി രേഖപ്പെടുത്തിയിട്ടുള്ളത്.9 കാരറ്റിന്റെ ഒരു ഗ്രാമിന് 120 രൂപ കുറഞ്ഞ് 6,420 രൂപയുമായി.

എന്തുകൊണ്ട് വില ഇടിഞ്ഞു?

രാജ്യാന്തര വിപണിയില്‍ ശനി, ‍ഞായർ ദിനങ്ങളില്‍ വ്യാപാരം ഇല്ലാതിരുന്നിട്ടും ഇറാൻ – യു.എസ് സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സ്വർണ വിലയില്‍ വൻ വർധന രേഖപ്പെടുത്തിയിരുന്നു.യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇറാൻ ആക്രമിക്കുന്ന പശ്ചാത്തലത്തിലും രൂപയുടെ വിലയിടിവ് സാധ്യതയും കണക്കിലെടുത്തായിരുന്നു ശനി,ഞായർ ദിനങ്ങളിലായി കേരളത്തിലെ സ്വർണ വിലയില്‍ 8,440 രൂപയുടെ വർധനയുണ്ടായത്.എന്നാല്‍ തിങ്കളാഴ്ച രാവിലെ രാജ്യാന്തര വിപണിയില്‍ വ്യാപാരം പുനരാരംഭിച്ചതോടെ,പ്രതീക്ഷിച്ച മുന്നേറ്റം സ്വർണത്തില്‍ ഉണ്ടാകാതിരുന്നതോടെ,കേരളത്തിലെ വില ഉയർന്നു നില്‍ക്കുന്ന അവസ്ഥയായി.ഇതോടെയാണ് ഇന്ന് രാവിലെ വില കുറയ്ക്കാൻ നിർബന്ധിതരായത്.

വെള്ളി വില കൂടി

സംസ്ഥാനത്ത് വെള്ളി വിലയില്‍ വർധന. കേരളത്തിലെ പ്രമുഖ വ്യാപാര സംഘടനയായ എ.കെ.ജി.എസ്.എം.എ നല്‍കുന്ന ബോർഡ് റേറ്റ് പ്രകാരം ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 35 രൂപ വർധിച്ച്‌ വിപണി വില 330 രൂപയായി. ആനുപാതികമായി 10 ഗ്രാം വെള്ളിക്ക് 3,300 രൂപയും 100 ഗ്രാം വെള്ളിക്ക് 33,000 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 3,33,000 രൂപയായും രേഖപ്പെടുത്തി.

ഒരു പവൻ ആഭരണം വാങ്ങുന്നതിന് എത്രയാകും?

തിങ്കളാഴ്ച വിലയില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം നിരക്കില്‍ പണിക്കൂലി,സ്വര്‍ണത്തിനും പണിക്കൂലിക്കും മേലുള്ള മൂന്ന് ശതമാനം ജി.എസ്.ടി,ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ,ഇതിന്മേല്‍ 18 ശതമാനം നിരക്കിലുള്ള ജി.എസ്.ടിയും ചേര്‍ത്ത് 1,41,383 രൂപയെങ്കിലും ചെലവാക്കിയാലാണ് ഇന്ന് ജുവല്‍റിയില്‍ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ സാധിക്കുക. ആഭരണത്തിന്റെ ഡിസൈനില്‍ വരുന്ന മാറ്റമനുസരിച്ച്‌ പണിക്കൂലി വ്യത്യാസപ്പെടാം എന്നതും ഓർക്കുക.

Leave a Reply

Your email address will not be published. Required fields are marked *