തിരുവനന്തപുരം : ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,095 രൂപയും 14 കാരറ്റിന് ഗ്രാമിന് 60 രൂപ കൂടി 8,640 രൂപയുമാണ്.വെള്ളി വില ഗ്രാമിന് 10 രൂപ കൂടി 315 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണി
അന്താരാഷ്ട്ര വിപണിയില്‍ സ്വർണവില ഇന്ന് പുതിയ റെക്കോഡുകള്‍ കുറിച്ചു.ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,670 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്.ജനുവരി മാസത്തിന്റെ തുടക്കം മുതല്‍ സ്വർണവിലയിലുണ്ടായ ഏകദേശം 6 ശതമാനത്തോളം വർദ്ധനവ് നിക്ഷേപകരെയും വിപണി നിരീക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും (Geopolitical tensions) ആഗോള സാമ്പത്തിക നയങ്ങളിലെ അനിശ്ചിതത്വവുമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിലേക്ക് കൂടുതല്‍ ആളുകളെ ആകർഷിക്കുന്നത്.ഈ കുതിപ്പാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
ഗ്രീൻലാൻഡിനെച്ചൊല്ലി യൂറോപ്യൻ യൂണിയനുമായുള്ള ട്രംപിന്റെ തർക്കത്തില്‍ അടുത്തതായി എന്ത് സംഭവിക്കുമെന്ന് കാണാൻ നിക്ഷേപകര്‍ കാത്തിരിക്കുകയാണ്.ഈ ആഴ്ച ദാവോസില്‍ ട്രംപുമായി യൂറോപ്യൻ യൂണിയൻ നേതാക്കള്‍ക്ക് കാര്യങ്ങള്‍ ഒത്തുതീർപ്പാക്കാൻ കഴിഞ്ഞാല്‍ സ്വര്‍ണവിലയിലെ കുതിപ്പ് മങ്ങിയേക്കാമെന്നാണ് കരുതുന്നത്.
ആഭരണം വാങ്ങാന്‍
സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി,സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി,45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്,അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,16,963 രൂപയെങ്കിലും നല്കിയാലാണ് ഒരു പവന് ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക.ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.
