മാനന്തവാടി : മാനന്തവാടി നഗരസഭയിലെ 1,2 ഡിവിഷനുകളിൽ വനംവകുപ്പ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി മൂലം അഞ്ഞൂറോളം കുടുംബങ്ങൾ കടുത്ത ആശങ്കയിലാണെന്നും ഈ വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.മണിയൻകുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 72 കുടുംബങ്ങളെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.എന്നാൽ ഇപ്പോൾ പിലാക്കാവ് ടൗണിന്റെ ഭാഗങ്ങൾ ഉൾപ്പെടെ ഏതാണ്ട് 500-ഓളം കുടുംബങ്ങളെ ഈ പദ്ധതി ബാധിക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്.ഇത്രയധികം ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയമായിട്ടും കൃത്യമായ വിവരങ്ങൾ നൽകാൻ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്.
വർഷങ്ങളായി ഈ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾ തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ്.അതിനാൽ തന്നെ
പദ്ധതിയുടെ മാപ്പ് ഉൾപ്പെടെ കൃത്യമായ സ്ഥലവിവരങ്ങളും പരസ്യപ്പെടുത്തണമെന്നും ജനപ്രതിനിധികളെയും നാട്ടുകാരെയും ഉൾപ്പെടുത്തി വിശദീകരണ യോഗങ്ങൾ വിളിക്കണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ ഏകപക്ഷീയമായി വനം വകുപ്പ് മുന്നോട്ടുപോയാൽ ഈ 500 കുടുംബങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് അലി എ കെ,സെക്രട്ടറി സജീർ എം.ടി,ജോയിന്റ് സെക്രട്ടറി നൗഫൽ പി.കെ,ട്രഷറർ ഷുഹൈബ്,കമ്മിറ്റിയംഗങ്ങളായ കുഞ്ഞബ്ദുല്ല എം.ടി,ആലി പി,സാദിഖ് വി,നുഹ്മാൻ,ഖദീജ ടി,സുമയ്യ പി.കെ തുടങ്ങിയവർ സംസാരിച്ചു.
