കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കായുള്ള ഭൂമിയില്‍ നിലമൊരുക്കല്‍ തുടങ്ങി.മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നമ്പറ്റയിലെ മൂന്നേകാല്‍ ഏക്കര്‍ ഭൂമിയിലെ കാപ്പിച്ചെടികള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. വളരെ വേഗത്തില്‍ നിര്‍മ്മാണപ്രവൃത്തികളിലേക്ക് കടക്കേണ്ടതിനാല്‍ നിലമൊരുക്കുന്ന പ്രവൃത്തി പെട്ടന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ബുധനാഴ്ച ഉചക്ക് 12.30-ഓടെ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്,അഡ്വ.ടി.സിദ്ധിഖ് എം എല്‍ എ, കെ പി സി സി മെമ്പര്‍ പി പി ആലി,കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബി സുരേഷ്ബാബു,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അരുണ്‍ദേവ്, വാര്‍ഡ് മെമ്പര്‍ ഷൈജ ഷാഫി,പ്രദേശവാസികളും പ്രവര്‍ത്തകരുമായ കെ യു അനില്‍കുമാര്‍,സിദ്ധിഖ്, പി ഇ ഷംസുദ്ദീന്‍,സന്തോഷ്‌കുമാര്‍,നാസര്‍ തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിലമൊരുക്കല്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും ഭവനപദ്ധതിക്കുള്ള അടുത്ത സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണെന്നും ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു.
യുദ്ധകാലടിസ്ഥാനത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ.ടി ജെ ഐസക് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഒരു കാലതാമസവുമുണ്ടായിട്ടില്ല.നിയമകുരുക്കില്ലാത്ത ഭൂമി മേപ്പാടി പഞ്ചായത്തില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചു.തോട്ടഭൂമിയില്‍ സര്‍ക്കാര്‍ ഭവനപദ്ധതി നടത്തുമ്പോള്‍ സന്നദ്ധസംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും അത്തരം ഭൂമികളില്‍ നിയമപരിരക്ഷ നല്‍കിയിരുന്നുവെങ്കില്‍ പദ്ധതിക്കായി ഭൂമി കണ്ടെത്താന്‍ ഒട്ടും പ്രയാസം നേരിടേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിക്ക് എങ്ങനെ തുരങ്കം വെക്കാം,ഏങ്ങനെ തടസപ്പെടുത്താം എന്നാണ് ചിലര്‍ ചിന്തിക്കുന്നതും ശ്രമിക്കുന്നതുമെന്ന് നേതാക്കള്‍ ആരോപിച്ചു. കോഴിക്കോട്-ഊട്ടി റോഡില്‍ നിന്നും കേവലം നൂറ് മീറ്റര്‍ മാത്രമാണ് സ്ഥലത്തിലേക്കുള്ള ഏരിയല്‍ദൂരം, റോഡ് മാര്‍ഗമാണെങ്കില്‍ പ്രധാനപാതയില്‍ നിന്നും ഈ സ്ഥലത്തിലേക്ക് വെറും മുന്നൂറ് മീറ്ററില്‍ താഴെയാണുള്ളത്.ജനവാസകേന്ദ്രത്തിലാണ് സ്ഥലമുള്ളത്.ഈ സ്ഥലത്തിന്റെ പരിസരഭാഗങ്ങളില്‍ നിരവധി നിര്‍മ്മാണപ്രവൃത്തികളും നടന്നുവരുന്നുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ പദ്ധതിയെ ഇല്ലാതാക്കാനാണ് അനാവശ്യ ആരോപണങ്ങളുമായി ചിലര്‍ രംഗത്തെത്തിയിട്ടുള്ളതെന്നും നേതാക്കള്‍ പറഞ്ഞു.അതേസമയം,ഭവനപദ്ധതിയുടെ ലേഔട്ടും ഡിസൈനിംഗ് ഉള്‍പ്പെടെ തയ്യാറാക്കുന്നതിന്റെ ഭാഗമായി എഞ്ചിനീയര്‍മാരും ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു.
