‘നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാന്‍’; വിചിത്ര വാദവുമായി സുരേഷ് ഗോപി

‘നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാന്‍’; വിചിത്ര വാദവുമായി സുരേഷ് ഗോപി

പാലക്കാട് : ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.രണ്ടു സിനിമാക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനു വേണ്ടിയാണോയെന്ന് സംശയമുണ്ട്.കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല.പ്രജാ വിവാദവും സ്വര്‍ണമോഷണ ചര്‍ച്ച മുക്കാനാണ്.എല്ലാം കുല്‍സിതമെന്നും പാലക്കാട് കല്ലേക്കുളങ്ങരയിലെ കലുങ്ക് സംവാദത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

സ്വര്‍ണത്തിന്റെ കേസ് മുക്കാന്‍ വേണ്ടിയാണോ സിനിമാരംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതയ്ക്ക് വിട്ടു കൊടുത്തിരിക്കുന്നത്.അതേക്കുറിച്ച് എന്‍ഐഎയും ഇഡി അന്വേഷിക്കുകയും,തീവ്ര അന്വേഷണവും നടക്കുകയാണ്.കേന്ദ്രമന്ത്രിസഭയില്‍ ഇരുന്നുകൊണ്ട് താന്‍ ഒന്നും പറയാന്‍ പാടില്ല.എങ്കിലും ഈ സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയയാണ് പൊലീസിനെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി പറഞ്ഞു.

ഇനിയും ഇത്തരത്തില്‍ കഥകള്‍ വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.ഇതു പ്രജകളുടെ രാജ്യമാണെന്നും വോട്ടുചെയ്യാന്‍ മാത്രമല്ല, മുഷ്ടിചുരുട്ടി ഉയര്‍ത്തിപ്പിടിച്ച് ചോദിക്കാനാകണമെന്നും നേരത്തെ ചെത്തല്ലൂരില്‍ നടന്ന കലുങ്ക് സൗഹൃദ സംഗമത്തില്‍ സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞതവണ കിറ്റുമായി വന്നു പറ്റിച്ചെങ്കില്‍ അതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ഇത്തവണ കിറ്റുമായി എത്തുന്നവരുടെ മുഖത്തേക്ക് വലിച്ചെറിയണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

ഭഗവാന്റെ ചെമ്പിനെക്കുറിച്ച് കണക്കെടുക്കട്ടെ. അയ്യപ്പനെക്കുറിച്ച് ഇതുവരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല താന്‍ കര്‍മ്മിയാണ്.അയ്യപ്പന്‍ മനുഷ്യനാണ്.മൂത്ത സഹോദരനായിട്ടാണ് അയ്യപ്പനെ താന്‍ കാണുന്നത്.ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പന്‍.ചെമ്പ്,സ്വര്‍ണം രസതന്ത്രം വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.പാലക്കാട് കേരളത്തിന്റെ അന്നപാത്രമാണ്.ഇനി അന്നപാത്രമെന്ന് പറഞ്ഞത് ഇവിടുത്തെ നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോയെന്നും സുരേഷ് ഗോപി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *