മലയോര കര്‍ഷകര്‍ക്ക് ആശ്വാസം;ഭൂ പതിവ് ചട്ട ഭേദഗതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

മലയോര കര്‍ഷകര്‍ക്ക് ആശ്വാസം;ഭൂ പതിവ് ചട്ട ഭേദഗതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : ഭൂ പതിവ് നിയമഭേദഗതി ചട്ടത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇനി ഇത് സബ്ജക്ട് കമ്മിറ്റിക്ക് വിടും.മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമാണിത്.2021 ലെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് നടപ്പാക്കിയത് എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വിശദമായി ചര്‍ച്ച ചെയ്തു.നിയമജ്ഞര്‍ അടക്കം എല്ലാ വിഭാഗവുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭേദഗതി തയ്യാറാക്കിയത്.നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി ഇതുവരെയുണ്ടായ വ്യതിചലനങ്ങള്‍ ക്രമീകരിക്കുന്നതോടൊപ്പം,ഭൂമിയുടെ ജീവനോപാധി ലക്ഷ്യമാക്കിയുള്ള ഉപയോഗത്തിന് അനുവാദം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഉണ്ടാകണം.

പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങളില്‍ ഭൂമി വ്യാപകമായി ദുര്‍വിനിയോഗം ചെയ്യുന്നതും പരിഗണിക്കണം.വിവിധ സന്ദര്‍ഭങ്ങളില്‍ കോടതികളില്‍ നിന്നും വന്നിട്ടുള്ള വിലക്കുകളും നിര്‍ദേശങ്ങളും പരിഗണിക്കുകയും വേണം.അഡ്വക്കേറ്റ് ജനറല്‍,റവന്യൂ,വ്യവസായ,ധന മന്ത്രിമാരുടേയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പരിശോധിച്ച ശേഷം വിവിധ തലത്തിലുള്ള യോഗങ്ങള്‍ ചേര്‍ന്നാണ് ചട്ടങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയത്.

രണ്ടു ചട്ടങ്ങളാണ് സര്‍ക്കാര്‍ കൊണ്ടു വരുന്നത്.പതിവു ലഭിച്ച ഭൂമിയില്‍ ഇതുവരെയുണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍,രണ്ടാമതായി കൃഷിക്കും ഗൃഹനിര്‍മ്മാണത്തിനും പതിച്ചു നല്‍കിയ ഭൂമി പ്രധാനമായും ജീവനോപാധി ലക്ഷ്യമിട്ടുള്ള മറ്റു വിനിയോഗത്തിന് അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ എന്നിവയാണത്.ഏറ്റവും നിര്‍ണായകമായത് വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *