അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ അനുമതി തേടിയോ? ചോദ്യം ഉന്നയിച്ച് ഹൈക്കോടതി

അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ അനുമതി തേടിയോ? ചോദ്യം ഉന്നയിച്ച് ഹൈക്കോടതി

കൊച്ചി : എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേലുള്ള തുടര്‍ നടപടികളില്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതി.മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം അഴിമതി നിരോധന നിയമത്തിലെ 17 (എ) ചട്ടപ്രകാരം നിലനില്‍ക്കുന്നതാണോ എന്ന് കോടതി ആരാഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമായിരുന്നു വിജിലന്‍സ് അന്വേഷണമെങ്കില്‍ അനുമതി തേടേണ്ടതായിരുന്നു എന്നും ജസ്റ്റിസ് എ ബദറുദീന്‍ വ്യക്തമാക്കി.തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ പ്രത്യേക കോടതി വിധിക്കെതിരെ എം ആര്‍ അജിത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തു നടപടിയെടുത്തു എന്നറിയിക്കാന്‍ നിര്‍ദേശിച്ച കോടതി,കേസ് നാളെ പരിഗണിക്കാനായി മാറ്റി.വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ എന്താണ് സംഭവിച്ചത് എന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി ആരാഞ്ഞു. തുടര്‍ന്ന് നടന്ന കാര്യങ്ങള്‍ അജിത് കുമാറിന്റെ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ റാങ്കില്‍ താഴ്ന്ന ഉദ്യോഗസ്ഥന്‍ ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു.തുടര്‍ന്നാണ് ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തണമെങ്കില്‍ അഴിമതി നിരോധന നിയമത്തിലെ 17(എ) അനുസരിച്ച് അനുമതി വേണമായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

ഇത്തരത്തിലുള്ള അനുമതിയൊന്നും തേടിയിരുന്നില്ല എന്നും സാധാരണഗതിയിലുള്ള അന്വേഷണമാണ് നടന്നതെന്നും അജിത് കുമാറിന്റെ അഭിഭാഷകന്‍ പറഞ്ഞു.പരാതിയില്‍ തുടര്‍ നടപടിയെടുക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട അധികൃതരോട് അനുമതി തേടാന്‍ പരാതിക്കാരനു നിര്‍ദേശം നല്‍കിയിരുന്നെങ്കില്‍ മജിസ്‌ട്രേട്ടിന്റെ നടപടി ശരിയാകുമായിരുന്നെന്നു കോടതി സൂചിപ്പിച്ചു.ആരോപണങ്ങള്‍ ഗുരുതരമാണെങ്കില്‍പ്പോലും അത് പരിഗണിക്കാന്‍ മജിസ്‌ട്രേട്ടിനു നിയമപരമായ തടസ്സങ്ങളുണ്ട്. ആരോപണം ഗുരുതരമാണെന്ന പേരില്‍ നിയമവ്യവസ്ഥകളെ മറികടക്കാനാവില്ല. എന്നാല്‍ നടപടിയുമായി മുന്നോട്ടുപോകുന്നതിനു ചില വ്യവസ്ഥകളുണ്ട്.

അനുമതി തേടാന്‍ നിര്‍ദേശം നല്‍കാതെയാണ് കേസെടുക്കുന്ന ഘട്ടത്തിലേക്കു മജിസ്‌ട്രേട്ട് എത്തിയത്.നിയമപരമായ ചോദ്യമാണ് വിഷയത്തിലുളളതെന്നും ആരാണ് പ്രതി,ആരാണ് പരാതിക്കാരന്‍,രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുന്ന കാര്യങ്ങളാണോ തുടങ്ങിയവയൊന്നും കോടതിയുടെ ഉത്തരവാദിത്തത്തില്‍ വരുന്ന വിഷയങ്ങളല്ലെന്നും നിയമപരമായ കാര്യങ്ങള്‍ മാത്രമാണു നോക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *