കൊച്ചി : പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്) മുഖേന സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക തൊഴിൽ ഡാറ്റയിൽ 30% തൊഴിലില്ലായ്മയുമായി യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളം മാറി മാറി ഭരിച്ച എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും പിടിപ്പുകേട് തുറന്നുകാട്ടുന്നതാണ് ഈ റിപ്പോർട്ട്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരുകൂട്ടരും പരാജയപ്പെട്ടു. പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഈ രണ്ട് മുന്നണികളും തൊഴിലില്ലായ്മ വിഷയം ഉന്നയിച്ചിരുന്നുവെങ്കിലും കേരളത്തിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ അവർ ഒന്നും ചെയ്തില്ല. ഏറ്റവും പുതിയ സർവേയിലൂടെ വ്യക്തമാകുന്നത് കേരളത്തിലെ യുവാക്കളുടെ ദയനീയ അവസ്ഥയാണ്.കേരളത്തിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 47% വും പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 19% ആണ്. മൊത്തം തൊഴിലില്ലായ്മ 2.6% മാത്രമുള്ള മധ്യപ്രദേശുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഏറെ ഭയാനകമാണ്. ഗുജറാത്തിൽ ഇത് 3.1% മാത്രമാണ് തൊഴിലില്ലായ്മ. ഇതാണ് ബിജെപിയുടെ സദ്ഭരണവും ഇൻഡി അലയൻസ് മോഡലും തമ്മിലുള്ള വ്യത്യാസം.അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, സങ്കീർണ്ണമായ നടപടിക്രമങ്ങൾ, സൗഹൃദപരമല്ലാത്ത സർക്കാർ സമീപനം, അഴിമതി, എൽഡിഎഫ്-യുഡിഎഫ് നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകളുടെ കടുത്ത സമ്മർദം എന്നിവ കാരണം കേരളത്തിലെ നിക്ഷേപങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുകയാണ് എന്നതാണ് വസ്തുത. തൊഴിലില്ലായ്മ വിഷയം ചർച്ചയാവാതിരിക്കാൻ വർഗീയതയും മുസ്ലിം പ്രീണനവും ഉയർത്തിയാണ് സിപിഎം തിരഞ്ഞെടുപ്പുകളെ നേരിടുന്നത്. ഇതേ സമീപനം തന്നെയാണ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനുമുള്ളത്. പാലസ്തീൻ വിഷയം, ഇൻതിഫാദ, തീവ്രവാദ പ്രീണനം എന്നിവയിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മത്സരിക്കുകയാണ്. എന്നാൽ കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്നത്തെ അഭിമുഖീകരിക്കുകയും തൊഴിലവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതിൽ തികഞ്ഞ അലംഭാവമാണ് ഇടത്-വലത് മുന്നണികൾക്കുള്ളത്. അതുകൊണ്ടാണ് കേരളത്തിലെ ആത്മാർത്ഥതയും ബുദ്ധിയും അച്ചടക്കവുമുള്ള കഠിനാധ്വാനികളായ യുവാക്കൾക്ക് അയൽ സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ജോലി തേടി പോകേണ്ടി വരുന്നത്.കേരളത്തിലെ യുവാക്കൾ ഈ ഭരണ സംവിധാനത്തിൽ തികഞ്ഞ നിരാശയിലാണ്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപി കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന ശക്തിയായി ഉയർന്നുവരാൻ പ്രധാന കാരണമായത് യുവാക്കളുടെ പിന്തുണയാണ്. സംസ്ഥാന ഭരണത്തിനോടുള്ള അവരുടെ പ്രതിഷേധവും മോദി സർക്കാരിൻ്റെ വികസന രാഷ്ട്രീയത്തിലുള്ള അവരുടെ വിശ്വാസവും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. കേരളത്തിൽ വിഴിഞ്ഞം തുറമുഖം വലിയ വികസന സാധ്യതകളാണ് തുറന്നിടുന്നത്. കാസർകോട്-തിരുവനന്തപുരം 6 വരി പാത ഷെഡ്യൂൾ അനുസരിച്ച് പുരോഗമിക്കുന്നു, കൊച്ചിൻ ഷിപ്പ്യാർഡിലെ പുതിയ വഴികൾ, വന്ദേ ഭാരത്, മറ്റ് വികസന പദ്ധതികൾ എന്നിവ സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് സഹായിക്കുമെന്ന കാര്യം ഉറപ്പാണ്. കേരളത്തിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് മോദി സർക്കാർ സൃഷ്ടിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഇതിനോട് മുഖം തിരിഞ്ഞു നിൽക്കുകയാണ്. കേരളം ഇപ്പോൾ തന്നെ കടക്കെണിയിൽ മുങ്ങുകയും സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുകയും ചെയ്യുകയാണ്. കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം നരേന്ദ്ര മോദി സർക്കാർ സ്ത്രീശാക്തീകരണം വിജയകരമായി നടപ്പിലാക്കുകയാണ്. മുദ്ര ലോണുകൾ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ പരിവർത്തന പദ്ധതികളിലൂടെ സ്ത്രീകളെ സംരഭകരും തൊഴിൽദാതാക്കളുമാക്കി മാറ്റുകയാണ് കേന്ദ്രസർക്കാർ. എന്നാൽ ഇതിനു വിപരീതമായികേരളത്തിൽ സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങളൊന്നും നൽകുന്നില്ല. കേരളത്തിലെ ഞെട്ടിക്കുന്ന 47.1% സ്ത്രീ തൊഴിലില്ലായ്മ നിരക്ക് സംസ്ഥാന സർക്കാരിന്റെ സ്ത്രീവിരുദ്ധത തുറന്നുകാണിക്കുന്നതാണ്. സംസ്ഥാനത്ത് തൊഴിൽ ഇടങ്ങളിൽ പോലും സ്ത്രീകൾ ആക്രമിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയുമാണ്. ആശുപത്രിയിൽ ഡോ.വന്ദനദാസ് കൊല ചെയ്യപ്പെട്ടതും സിനിമാ മേഖലയിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്ന വിവരങ്ങൾ പുറത്തെത്തിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടും യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്.

 
                                     
                                     
                                         
                                         
                                         
                                         
                                         
                                         
                                        