• admin

  • February 11 , 2021

മെല്‍ബണ്‍ : ദക്ഷിണ പസഫിക് സമുദ്രത്തില്‍ സുനാമി രൂപപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂമി കുലുക്കം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സുനാമി രൂപം കൊണ്ടത്. ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ ഏജന്‍സി സുനാമി സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയില്‍ നിന്നും 550 കിലോ മീറ്റര്‍ അകലെയുള്ള ലോര്‍ഡ് ഹൗ ദ്വീപിന് സുനാമി ഭീഷണിയാണെന്ന് ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സുനാമി രൂപം കൊണ്ടതോടെ ന്യൂസിലന്‍ഡ് നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അഹിപര മുതല്‍ ബേ ഓഫ് ഐലന്‍ഡ്‌സ് വരെയും മറ്റാറ്റ മുതല്‍ ടൊലഗ വരെയും ഉള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.ഈ മേഖലകളിലെ ജനങ്ങള്‍ ജലാശയങ്ങള്‍, ബീച്ചുകള്‍, തുറമുഖങ്ങള്‍, പുഴകള്‍ എന്നിവയുടെ സമീപത്തു നിന്നും അകലം പാലിക്കണമെന്നും ന്യൂസിലന്‍ഡ് നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു.