• Lisha Mary

  • April 17 , 2020

ഇടുക്കി : ലോക്ഡൗണില്‍ വിശന്നിരിക്കുന്നവരില്ലെന്ന് ഉറപ്പു വരുത്തി കോവിഡിനെ നേരിടുന്നതില്‍ മികച്ചപ്രവര്‍ത്തനത്തിലാണ് ജില്ലയിലെ പഞ്ചായത്തുകളും കുടുംബശ്രീയും. ജില്ലയിലാകെ 53 സാമൂഹിക അടുക്കളകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 81,722 പേര്‍ക്ക് സമൂഹ അടുക്കളയിലൂടെ ഭക്ഷണം നല്‍കി. ഇതില്‍ 72,493 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. 66,473 പേര്‍ക്ക് വീട്ടില്‍ എത്തിച്ചു നല്‍കുകയായിരുന്നു. 10,146 പേര്‍ അതിഥി തൊഴിലാളികളാണ്. 16,369 സൗജന്യ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ നിരീക്ഷണത്തില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന 6689 പേരുടെ ആരോഗ്യ വിവരങ്ങള്‍ തദ്ദേശ ഭരണ സ്ഥാപന സമിതികള്‍ മുഖേന അവലോകനം ചെയ്യുന്നുണ്ട്. ഐസൊലേഷനില്‍ കഴിയുന്ന 720 പേര്‍ക്ക് ഭക്ഷണം നല്‍കി. ഭക്ഷ്യ ധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണായി ഉപയോഗിക്കാന്‍ സ്‌കൂള്‍, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ ഉള്‍പ്പെടെ 80 കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി കുര്യാക്കോസ് അറിയിച്ചു.