• admin

  • January 17 , 2020

കോഴിക്കോട് : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 45000 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കി മാറ്റിയ സംസ്ഥാനമാണ് നമ്മുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.വി.ദക്ഷിണാമൂര്‍ത്തി സ്മാരക ബ്ലോക്ക് സമര്‍പ്പണവും അറുപതാം വാര്‍ഷികാഘോഷ ഉദ്ഘാടനവും സമ്പൂര്‍ണ ഹൈടെക് വിദ്യാലയ പ്രഖ്യാപനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക തലത്തില്‍ മികവു പുലര്‍ത്താനും വിദ്യാര്‍ത്ഥികളുടെ വിവിധ തരത്തിലുള്ള പ്രത്യേകതകള്‍ വളര്‍ത്തിയെടുക്കാനും സാധിച്ചു. കൂടാതെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ രംഗത്ത് നേട്ടമുണ്ടാക്കാനും പുതിയ കഴിവുകള്‍ നേടിയെടുക്കാനും കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. പലവിധ ചുറ്റുപാടുകളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് ശ്രദ്ധയും പരിചരണവും കിട്ടുന്നുണ്ട്. മറ്റു ചിലര്‍ക്ക് ശ്രദ്ധയും പരിചരണവും കിട്ടുന്നില്ല. അവിടെ അധ്യാപകര്‍ നല്ല രീതിയില്‍ ഇടപെട്ടതുകൊണ്ട് നല്ല നിലവാരം പുലര്‍ത്താനായി. അധ്യാപകര്‍ സ്പെഷ്യല്‍ ക്ലാസ് നടത്തുന്നതും ഗൃഹസന്ദര്‍ശനം നടത്തുന്നതും മാതൃകാപരമായ കാര്യമാണ്. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മികവ് നേടാനായി. അതോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ ചെടികള്‍ വച്ചുപിടിപ്പിക്കുക, കൃഷിയിലേക്കു പ്രവേശിക്കുക മുതലായവ മാതൃകപരമായ കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.