• admin

  • February 12 , 2020

: 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഹ്മാന്‍ മാജിക് മലയാള സിനിമയിലേക്കെത്തുന്നു. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കുളള എ.ആര്‍. റഹ്മാന്റെ മടങ്ങിവരവ്. 1992 ല്‍ പുറത്തിറങ്ങിയ സംഗീത് ശിവന്‍ ചിത്രം യോദ്ധയ്ക്ക് സംഗീതം ചിട്ടപ്പെടുത്തിയത് റഹ്മാനായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായിരുന്നു യോദ്ധ. മോഹന്‍ലാല്‍, മധുബാല, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ വേഷമിട്ട യോദ്ധയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ആടു ജീവിതം ഒരുക്കുന്നത്. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന നജീബിന്റെ കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൃഥ്വിയിപ്പോള്‍. ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണിത്. കെ.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി അബ്രഹാമാണ് ചിത്രം ഒരുക്കുന്നത്. കുട്ടനാട്, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്.