• Lisha Mary

  • March 23 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് 28 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 25 പേരും ദുബായില്‍ നിന്ന് എത്തിയവരാണ്. കാസര്‍കോട് 19, കണ്ണൂര്‍-5, പത്തനംതിട്ട-1,എറണാകുളം-2, തൃശൂര്‍-1  എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ കേരളത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം 31 വരെയാണ് ലോക്ഡൗണ്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടയ്ക്കില്ല. പൊതുഗതാഗതം പൂര്‍ണമായി നിര്‍ത്തും. പെട്രോള്‍ പമ്പുകള്‍, ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യവാഹനങ്ങള്‍ റോഡിലിറങ്ങാന്‍ അനുവദിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിരീക്ഷണത്തിലുളളവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു