• Lisha Mary

  • March 25 , 2020

ആലപ്പുഴ : ലോക്ക് ഡൗണ്‍ കാലത്ത് വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് ആലപ്പുഴ ടൗണ്‍ മുതല്‍ ചേര്‍ത്തല നഗരംവരെയുള്ള പ്രദേശത്ത് ജനകീയ ഹോട്ടലുകളുടെ ശൃംഖല തയ്യാറായതായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് അറിയിച്ചു. ഈ ഭക്ഷണ ശാലകളില്‍ 20രൂപയ്ക്ക് ഊണ് ലഭിക്കും. പക്ഷേ സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ ഇരുന്നു കഴിക്കാനാകില്ല. അതുകൊണ്ട് ഊണ് കൊണ്ടുപോവുന്നതിനുള്ള പാത്രങ്ങളുമായി വേണം എത്താന്‍. വീടുകളില്‍ ഭക്ഷണം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തലേദിവസം രാത്രി എട്ടിനകം എസ്എംഎസ് വഴി അറിയിക്കണം. വീടുകളില്‍ എത്തിക്കുന്ന ഊണിന് 25 രൂപയാണ് വില. സ്പെഷ്യലായി ഊണ് വേണമെങ്കില്‍ 30 രൂപ അധികമായി നല്‍കണം. 10 ശതമാനം ഊണുകള്‍ സൗജന്യമായി അഗതികള്‍ക്ക് നല്‍കും. ഊണിനു കൃത്യമായ മെനു തയ്യാറാക്കിയിട്ടുണ്ട്. ഊണിനോടൊപ്പം പരമ്പരാഗതമായ ഏതെങ്കിലും ഇലക്കറികള്‍ ഉണ്ടാവും. സാമ്പാര്‍, പുളിശ്ശേരി, മീന്‍ചാര്‍, തോരന്‍, അച്ചാര്‍ എന്നിവയാണ് വിഭവങ്ങള്‍. മീന്‍ വറുത്തതും ഇറച്ചി ഉലര്‍ത്തിയതും കക്കാ ഇറച്ചിയുമാണ് സ്പെഷ്യല്‍. ഇരുപതിനായിരം കോടി രൂപയുടെ പാക്കേജില്‍ പറഞ്ഞതുപോലെ കേരളത്തില്‍ ഇരുപതുരൂപ ജനകീയ ഹോട്ടലുകളുടെ ശൃംഖല ഏപ്രില്‍ മാസത്തോടെ സജ്ജമാകും. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആലപ്പുഴ, ചേര്‍ത്തല മാതൃകയില്‍ കേരളത്തില്‍ ഉടനീളം ശൃംഖലകള്‍ രൂപം കൊള്ളും. ഇതിനകം 360 കേന്ദ്രങ്ങള്‍ കുടുംബശ്രീ കണ്ടെത്തിയിട്ടുണ്ട്. വിഷുവിനു മുന്‍പ് ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.