• admin

  • February 23 , 2020

 മറയൂർ :

മറയൂർ ശർക്കര ഉൾപ്പെടെയുള്ള 25 ഇനം കാർഷിക ഉൽപ്പന്നങ്ങൾ ആകർഷകമായി പായ്‌ക്ക്‌ ചെയ്‌ത്‌ കേരള ബ്രാൻഡായി വിപണിയിലെത്തിക്കാൻ കൃഷി വകുപ്പ് നടപടി തുടങ്ങി. ചെറുകിട കർഷക അഗ്രി ബിസിനസ് കൺസോർഷ്യത്തിന്റെ കീഴിൽ കേന്ദ്രസർക്കാർ സ്ഥാപനമായ മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  പാക്കേജിങ്ങു(ഐഐപി)മായി സഹകരിച്ചാണ് പദ്ധതി. ഇതിനു മുന്നോടിയായി 24 മുതൽ 26 വരെ തിരുവനന്തപുരം ആനയറയിൽ കൃഷി വകുപ്പിന്റെ പരിശീലന കേന്ദ്രമായ സമേതിയിൽ തെരഞ്ഞെടുക്കപ്പെട്ട കർഷകസംഘങ്ങൾക്കും സ്ഥാപനങ്ങൾക്കും പരിശീലനം നൽകും. കർഷകരുടെ വിളകൾക്ക് ന്യായവിലയും വിപണിയും ഉറപ്പുവരുത്തും. ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തി പായ്‌ക്കിങ്ങിൽ ആകർഷകമായ മാറ്റം വരുത്തിയാൽ ഇത് സാധ്യമാകും എന്നാണ്‌ പ്രതീക്ഷ.

40 മൂല്യവർധിത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കുമാണ് ആദ്യഘട്ട പരിശീലനം. ഇതിൽ ഭൗമസൂചിക പദവി ലഭിച്ച മറയൂർ ശർക്കരയും വാഴക്കുളം പൈനാപ്പിളും ഉൾപ്പെടും. നാടൻ ചക്ക ചിപ്‌സ്‌, ഏത്തക്ക ചിപ്‌സ്‌, വെളിച്ചെണ്ണ, നാളികേര ഉൽപ്പന്നങ്ങൾ,  മുരിങ്ങയ്‌ക്ക തുടങ്ങിയവയും പുതിയ രൂപത്തിലും ഭാവത്തിലും ലോക വിപണികളിൽ എത്തും. പരിശീലനത്തിനും തുടർ പ്രവർത്തനങ്ങൾക്കും ഒരു ഉൽപ്പന്നത്തിന് രണ്ടര ലക്ഷം രൂപ കൃഷി വകുപ്പ് ഐഐപിക്ക് നൽകും. 40 സംഘങ്ങളിൽനിന്ന്‌ 25 ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കും. മൂന്നുതരം പായ്ക്കിങ്ങുകളുടെ പരിശീലനമാണ് നൽകുക. പ്രീമിയ, സ്റ്റാൻഡേർഡ്-, ഗിഫ്റ്റ് എന്നീ പായ്ക്കിങ്ങുകൾ തയ്യാറാക്കി ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.