• Lisha Mary

  • April 18 , 2020

ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 991 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 43 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14000 കടന്നു. 14378 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 11906 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 1992 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതുവരെ 480 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്് മരണത്തിന് കീഴടങ്ങിയത്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. നേരത്തെ 3 ദിവസം കൂടുമ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുന്നതായിരുന്നു അവസ്ഥ. ഇന്ന് ഇതുമാറി. 6.2 ദിവസം കൂടുമ്പോള്‍ ആണ് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത്. പരിശോധന കൂടിയതാണ് കേസുകളുടെ എണ്ണം കുറയാന്‍ കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം ധാരാവിയില്‍ മാത്രം കോവിഡ് കേസുകള്‍ 100 കടന്നു. മുംബൈയില്‍ മാത്രം 2073 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശില്‍ കോവിഡ് കേസുകളുടെ എണ്ണം 896 ആയി.