• Lisha Mary

  • April 9 , 2020

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ ബാധിച്ച 478 പേര്‍ രോഗമുക്തരായി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ 5,865 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 591 കേസുകള്‍ പുതിയതായി സ്ഥിരീകരിച്ചു. 169 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് 20 പേര്‍ മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്തെ 20 കമ്പനികള്‍ കൊറോണ രോഗികളെ ചികിത്സിക്കുന്നവര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിവിധ ഭാഗങ്ങളിലേക്കുള്ള 1.7 കോടി സുരക്ഷാ വസ്ത്രങ്ങളുടെ ഓര്‍ഡറുകളില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അവയുടെ വിതരണം തുടങ്ങിക്കഴിഞ്ഞുവെന്നും ലാവ് അഗര്‍വാള്‍ അറിയിച്ചു. ഇതിനൊപ്പം മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ വികരണവും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി റെയില്‍വേ 2,500 ഡോക്ടര്‍മാരേയും 35,000 പാരാമെഡിക്കല്‍ ജീവനക്കാരേയും വിന്യസിച്ചിട്ടുണ്ട്. റെയില്‍വേയുടെ കീഴിലുള്ള 586 ഹെല്‍ത്ത് യൂണിറ്റുകള്‍, 45 സബ് ഡിവിഷണല്‍ ആശുപത്രികള്‍, 56 ഡിവിഷണല്‍ ആശുപത്രികള്‍, എട്ട് പ്രൊഡക്ഷന്‍ യൂണിറ്റ് ആശുപത്രികള്‍, 16 സോണല്‍ ആശുപത്രികള്‍ എന്നിവ കോവിഡ് ചികിത്സക്കായി മാറ്റി. 80,000 ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ 5,000 കോച്ചുകളാണ് ഐസൊലേഷന്‍ വാര്‍ഡുകളാക്കുന്നത്. ഇതില്‍ 3,250 വാര്‍ഡുകളും സജ്ജമായതായി ലാവ് അഗര്‍വാള്‍ പറഞ്ഞു.