• Lisha Mary

  • April 13 , 2020

തൃശൂർ :

ലോക്ക്ഡൗണ്‍ കാലത്ത് അഗ്നിശമന സേനാംഗങ്ങൾക്ക്‌ ജീവൻരക്ഷാമരുന്ന്‌ എത്തിക്കലാണ്‌ പ്രധാന രക്ഷാപ്രവർത്തനം. ജില്ലയിൽ കോവിഡ്‌ കാലത്ത്‌ പുറത്തിറങ്ങാൻ കഴിയാത്ത 638 രോഗികൾക്ക്‌ ഇതിനകം അഗ്നിശമനസേനാംഗങ്ങൾ വഴി മരുന്ന്‌ കിട്ടി.  

കാട്ടൂർ പൊഞ്ഞനം സ്വദേശിനി  ഐഷാബി (62)ക്ക്‌  വൈപ്പിനിലെ ലക്ഷ്മി നേഴ്സിങ്‌ ഹോമിലായിരുന്നു ചികിത്സ.  ഇതേത്തുടർന്നാണ്‌ സഹായംതേടി ‘101’ ലേക്ക് വിളിച്ചത്‌. തുടർന്ന്‌ വൈപ്പിനിൽ നിന്നും  മരുന്ന് വാങ്ങി കൊടുങ്ങല്ലൂർ ഫയർ സ്‌റ്റേഷനിലെത്തിച്ചു. അവിടെനിന്ന്‌ ഇരിങ്ങാലക്കുട സ്‌റ്റേഷൻ ഫയർ ആൻഡ്‌ റെസ്‌ക്യൂ ഓഫീസർമാരായ റെജിൻ, മഹേഷ്‌ എന്നിവർ  രോഗിയുടെ വീട്ടിൽ മരുന്ന്‌ എത്തിക്കുകയായിരുന്നു. 

ലോക്‌ഡൗൺ സാഹചര്യത്തിൽ ജനങ്ങൾക്ക്‌  അടിയന്തരഘട്ടങ്ങളിൽ ഭക്ഷണം, മരുന്ന്‌, യാത്രസൗകര്യം എന്നിവ ഉറപ്പാക്കാൻ അഗ്നിരക്ഷാസേനയുടെ  നേതൃത്വത്തിൽ  ജില്ലാ ആസ്ഥാനത്ത്‌  കൺട്രോൾ റൂം  തുറന്നിട്ടുണ്ട്‌. പ്രധാനമായും മരുന്ന്‌ എത്തിക്കാനാണ്‌ വിളി വരുന്നത്‌. 

ക്യാൻസർ, ഹൃദ്രോഗം, കിഡ്‌നി തുടങ്ങി രോഗികൾ സഹായം തേടുന്നുണ്ട്‌. തിരുവനന്തപുരം ആർസിസി, അമൃത ആശുപത്രി തുടങ്ങി വിവിധ ജില്ലകളിൽനിന്ന്‌ മരുന്നുകൾ എത്തിക്കുന്നുണ്ട്‌. മരുന്നിന്‌  ഡോക്ടറുടെ കുറിപ്പ്‌ ലഭ്യമാക്കിയാൽ മരുന്ന്‌ എത്തിക്കും. സർക്കാർ വഴി സൗജന്യമായി ലഭിക്കുന്ന മരുന്നുകൾ സൗജന്യമായി എത്തിക്കും. മറ്റുള്ളവ മരുന്ന്‌ എത്തിക്കുമ്പോൾ പണം കൊടുത്താൽ മതിയാവും.  

അഗ്നിശമനസേനാംഗങ്ങളുടെ വാട്ട്‌സാപ്പ്‌ഗ്രൂപ്പ്‌ വഴിയാണ്‌ മരുന്ന്‌ ലഭ്യമാവുന്ന സ്ഥലം മനസ്സിലാക്കി മരുന്ന്‌ വാങ്ങുക. ഫയർഫോഴ്‌സിന്റെ ബൈക്കുകളും ചെറുവണ്ടികളും വഴിയാണ്‌ ആവശ്യക്കാർക്ക്‌ മരുന്ന്‌ വീടുകളിലെത്തിക്കുന്നത്‌. 

അടിയന്തരരക്ഷാപ്രവർത്തനങ്ങൾക്ക്‌ രക്ഷാടീമിനെ സജ്ജമാക്കുന്നതിനൊപ്പം സമാന്തരമായാണ്‌ കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിൽ രംഗത്തിറങ്ങുന്നതെന്ന്‌ ജില്ലാ ഫയർ ഓഫീസർ കെ എം അഷറഫ്‌ അലി പറഞ്ഞു. 

മാർക്കറ്റുകളും  ആശുപത്രികളും വിവിധ സ്ഥാപനങ്ങളും   രോഗികളുടെ വീടുകളുമെല്ലാം അണുവിമുക്തമാക്കാൻ ഫയർഫോഴ്‌സും  ഇതിനുകീഴിലുള്ള സിവിൽ ഡിഫൻസ്‌ സേനാംഗങ്ങളും രംഗത്തുണ്ട്‌. അശരണർക്ക്‌ ഭക്ഷണം എത്തിക്കുന്നതിനും വഴിയിൽ കുടങ്ങുന്നവരെ വീട്ടിലെത്തിക്കാനും സഹായിക്കുന്നുണ്ട്‌.   സഹായങ്ങൾക്ക്‌. 04872423650, 101 എന്നീ നമ്പറുകളിൽ വിളിക്കാം.