• admin

  • January 30 , 2020

വയനാട് : പൊലീസിന്റെ ഹോപ്പ് പദ്ധതിയിലൂടെ ജില്ലയില്‍ പത്താംതരം പരീക്ഷ എഴുതാന്‍ 117 വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കുന്നു. ഇവര്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരീക്ഷ മാര്‍ഗ നിര്‍ദേശ സെമിനാറും ഫിറ്റ് ഇന്ത്യ ക്യാമ്പയിനും ജില്ലാ പൊലീസ് മേധാവി ആര്‍.ഇളങ്കോ ഉദ്ഘാടനം ചെയ്തു. ദാരിദ്ര ലഘൂകരണ യൂണിറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ പി.സി മജീദ് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും പരീക്ഷ മാര്‍ഗ നിര്‍ദേശ ക്ലാസ്സ് എടുത്തു. നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച 14 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികളെ കണ്ടെത്തി തുടര്‍പഠനം സാധ്യമാക്കുകയെന്നതാണ് ഹോപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളെ പഠനകാര്യങ്ങളില്‍ സഹായിക്കുന്നത് ജില്ലയിലെ മികച്ച ആധ്യാപക സംഘമാണ്. പഠനത്തോടൊപ്പം മാനസികാരോഗ്യവും ആത്മവിശ്വാസവും വളര്‍ത്തുന്നതിനുളള ക്ലാസുകളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ശാരീരിക ക്ഷമതയ്ക്ക് പ്രധാന്യം നല്‍കി വാക്കത്തോണും സംഘടിപ്പിച്ചു.