• admin

  • January 6 , 2020

:

കൊച്ചി:മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യിൽ സ്ഫോടകവസ്തു നിറച്ചു തീർന്നതോടെ ജെയിൻ കോറൽകോവിലെ ജോലികൾ തുടങ്ങി. 2,660 ദ്വാരങ്ങളിലായി 395 കിലോ സ്ഫോടകവസ്തുക്കളാണ് നിറയ്ക്കേണ്ടത്. രണ്ടു ദിവസത്തിനകം പൂർത്തിയാകും.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോളിഫെയ്ത്തിലെ ജോലികൾ തീർന്നത്. 1,471 ദ്വാരങ്ങളിലാണ് സ്ഫോടകവസ്തു 215 കിലോ നിറയ്ക്കേണ്ടിയിരുന്നത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ഇവിടത്തെ ജോലികൾ തുടങ്ങിയത്.

തിങ്കളാഴ്ച ആൽഫ സെറീനിൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങും. 3,598 ദ്വാരങ്ങളാണ് ഇവിടെയുള്ളത്. മൂന്നുദിവസം വേണ്ടിവരുമെന്ന് കണക്കാക്കുന്നു. ആൽഫയിൽ 500 കിലോ സ്ഫോടകവസ്തു വേണ്ടിവരുമെന്നാണ് ആദ്യം കണക്കാക്കിയിരുന്നതെങ്കിലും ഇത് 400 കിലോയിലേക്ക് കുറയ്ക്കാൻ ശ്രമിക്കുകയാണെന്ന് പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്‌പ്ലോസീവ്‌സ് ഡോ. ആർ. വേണുഗോപാൽ പറഞ്ഞു. 9, 10 തീയതികളിലാണ് ഗോൾഡൻ കായലോരത്തിലെ സ്ഫോടകവസ്തു നിറയ്ക്കൽ. 960 ദ്വാരങ്ങളിൽ 15 കിലോ നിറയ്ക്കും.

അധിക സുരക്ഷയൊരുക്കുന്നു

അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇലക്‌ട്രിക് ഡിറ്റണേറ്ററുകൾ, നോൺ ഇലക്‌ട്രിക് ഡിറ്റണേറ്ററുകൾ, ഡിറ്റണേറ്റിങ് വയർ എന്നിവയാണ് ഇതിനൊപ്പം ഉപയോഗിക്കുന്നത്. ആൽഫയിലും ജെയിനിലും 15,000 മീറ്റർ വീതവും ഹോളിഫെയ്ത്തിൽ 10,000 മീറ്ററും കായലോരത്തിൽ 5,800 മീറ്ററും ഡിറ്റണേറ്റിങ് വയർ വേണ്ടിവരും. ഇലക്‌ട്രിക് ഡിറ്റണേറ്റർ സ്ഫോടനത്തിനു തലേന്ന്‌ മാത്രമേ ഘടിപ്പിക്കുകയുള്ളൂ.

ഹോളിഫെയ്ത്തിൽ സ്ഫോടകവസ്തു നിറച്ച തൂണുകളുടെ ഭാഗത്ത് വീടുകളുണ്ടെങ്കിൽ അവിടെ രണ്ടുവരി കമ്പിവേലി കൂടി നിർമിക്കാൻ ഡോ. വേണുഗോപാൽ ‘എഡിഫിസ്’ കമ്പനിയോട് നിർദേശിച്ചിട്ടുണ്ട്.

ഹോളിഫെയ്ത്തിനു മുന്നിലൂടെ പോകുന്ന ഐ.ഒ.സി.യുടെ പൈപ്പ് ലൈനിൽ കടൽവെള്ളം നിറച്ചിട്ടു. നാലുവരിയിൽ മണൽച്ചാക്കുകൾ പൈപ്പിന് മുകളിൽ വിരിക്കുകയും ചെയ്തു.