• Lisha Mary

  • March 11 , 2020

തിരുവനന്തപുരം : കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെ സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും 31 വരെ ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സര്‍ക്കുലറിറക്കി. സ്ഥാപനമേധാവികള്‍ ഹാജര്‍ബുക്കിന്റെ അടിസ്ഥാനത്തില്‍ ഹാജര്‍ നിരീക്ഷിക്കേണ്ടതും, സര്‍ക്കാര്‍ ഓഫീസുകളില്‍ സ്പാര്‍ക്ക് മുഖേന അവധി അപേക്ഷ നല്‍കുന്ന ഓഫീസുകള്‍ അത് തുടരുകയും ചെയ്യണം. സംസ്ഥാനത്ത് ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കിയിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളും (സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ) 31വരെ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം നിര്‍ത്തിവയ്ക്കാനും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തില്‍ ഒരറിയിപ്പുണ്ടാകുന്നതുവരെ നിയമസഭാ സമുച്ചയത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് നിയമസഭ സെക്രട്ടറി അറിയിച്ചു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഫ്.എല്‍ 1 ചില്ലറ വില്‍പനശാലകള്‍ അടച്ചിടാന്‍ യാതൊരുവിധ ഔദ്യോഗിക തീരുമാനവും എടുത്തിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ചില്ലറ വില്‍പനശാലകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചതായ തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു.