• Lisha Mary

  • March 11 , 2020

കൊച്ചി : സംസ്ഥാനം കോവിഡ് ഭീതിയിലായതോടെ ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഉല്‍സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും ഇന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. പരിപാടികള്‍ക്ക് മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കില്ല. സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും സര്‍ക്കാര്‍ കലക്ടര്‍മാരോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്. ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ മൂന്നംഗ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്. ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ വിവരം പത്തനംതിട്ട ജില്ലാഭരണകൂടത്തെ അറിയിക്കണം. കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കുമാണ് അവസാനമായി രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണ്. കളമശേരി മെഡിക്കല്‍ കോളജില്‍ 23 പേര്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് 19 രോഗ ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കി. ഇറ്റലിയില്‍ നിന്നെത്തിയ 42 പേരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നെടുമ്പശേരി വിമാനത്താവളത്തില്‍ ത്രിതല പരിശോധനാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരെല്ലാം ആരോഗ്യസ്ഥിതിയും യാത്രാവിവരങ്ങളും വിശദമാക്കുന്ന ചോദ്യാവലി പൂരിപ്പിച്ച് നല്‍കണം. വിമാനത്തില്‍ നിന്ന് പുറത്തേക്ക് വരുന്നവരെ യൂണിവേഴ്‌സല്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കും. ഇവര്‍ സഞ്ചരിച്ച രാജ്യങ്ങളുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ചോദിച്ച് മനസിലാക്കണമെന്നും നിര്‍ദേശമുണ്ട്. ആഭ്യന്തര ടെര്‍മിനല്‍ വഴി എത്തുന്ന യാത്രക്കാരെയും പരിശോധനകള്‍ക്ക് വിധേയമാക്കും.