• Lisha Mary

  • April 19 , 2020

ന്യൂഡല്‍ഹി : രാജ്യത്ത് വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു. മേയ് പതിനഞ്ചിന് ശേഷം ആഭ്യന്തര, രാജ്യാന്തര സര്‍വ്വീസുകള്‍ തുടങ്ങാനാകുമോ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കും. സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ ബുക്കിംഗ് തുടങ്ങരുതെന്ന് വ്യോമയാന മന്ത്രി വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വ്വീസ് വീണ്ടും തുടങ്ങുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചത്. മെയ് നാല് മുതല്‍ ആഭ്യന്തര സര്‍വ്വീസിനുള്ള ബുക്കിംഗ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചതിന് പിന്നാലെയായിരുന്നു വ്യോമയാന മന്ത്രിയുടെ വിശദീകരണം. നേരത്തേ, ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസം ഭാഗികമായി ആഭ്യന്തര സര്‍വ്വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യയുടെ തീരുമാനിച്ചിരുന്നു. ആദ്യ ഘട്ട ലോക്ക് ഡൗണ്‍ ഏപ്രില്‍ പതിനാലിന് അവസാനിക്കുമെന്ന് കണ്ട് അടുത്ത ദിവസം മുതലുള്ള ചില സ്വകാര്യ വിമാന കമ്പനികള്‍ ബുക്കിംഗ് സ്വീകരിക്കുകയും ചെയ്തിരുന്നു.