ചേർത്തല : ഈ വർഷത്തെ മികച്ച വിദ്യാർഥി കർഷകനുള്ള സംസ്ഥാനതല പുരസ്‌കാരം നേടിയ ചേർത്തല അരീപ്പറമ്പ് സ്വദേശി ആദിത്യന് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖിന്റെ ഇടപെടലിനെ തുടർന്ന് നിർമിച്ചുനൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം ആലപ്പുഴ എംപി കെ.സി.വേണുഗോപാൽ നിർവഹിച്ചു.കൃഷിയിൽനിന്ന് അന്യംനിന്നുപോയ പുതിയ തലമുറയ്ക്ക് ഒരു പ്രവേശനകവാടമാണ് ആദിത്യനെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് പറഞ്ഞു.ഭാവിയിൽ എന്താകണമെന്ന് ആദിത്യനോട് ചോദിച്ചപ്പോൾ ബി.എസ്‌സി.അഗ്രികൾച്ചർ പഠിച്ച് മികച്ച കർഷകനാകണമെന്നാണ് ഈ കുട്ടി പറഞ്ഞത്.കേരളത്തിലെ മുഴുവൻ ചെറുപ്പക്കാർക്കുമുള്ള ഒരു സന്ദേശമാണിതെന്നും മന്ത്രി പറഞ്ഞു.
പ്രതികൂല ജീവിതപശ്ചാത്തലത്തിലും കൃഷിയെ സ്നേഹിച്ച് കൃഷിയുമായി മുന്നേറുന്ന ആദിത്യൻ അങ്ങേയറ്റം പ്രശംസാർഹനും അഭിനന്ദനാർഹനുമാണ്.നാടിനാകെ അഭിമാനമാണ് ഈ കുട്ടിക്കർഷകനെന്നും ആലപ്പുഴ എംപി കെ. സി. വേണുഗോപാൽ പറഞ്ഞു.ഏറ്റവും കൂടുതൽ മനുഷ്യത്വമുള്ളവരാണ് കർഷകരെന്നും മണ്ണിനെ സ്നേഹിക്കുന്ന കർഷകരുടെ ഉള്ളിൽ നന്മ മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിത്യന് വീട് നിർമിച്ചുനൽകുമെന്ന കൃഷിമന്ത്രിയുടെ നന്മനിറഞ്ഞ തീരുമാനത്തെയും ഈ കുടുംബത്തെ സഹായിക്കാനായി മുന്നോട്ടുവന്ന വ്യവസായ പ്രമുഖൻ നെച്ചിക്കാട്ടിൽ മുഹമ്മദ് കുട്ടിയെയും അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി എത്രയും പെട്ടെന്ന് വീട് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടന്ന സംസ്ഥാനതല കർഷകദിനാഘോഷ ചടങ്ങിലാണ് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ് ആദിത്യന് വീട് നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്.അജ്ഫാൻ സ്ഥാപനത്തിന്റെ ഉടമ നെച്ചിക്കാട്ടിൽ മുഹമ്മദ് കുട്ടിയുടെ സഹായത്താലാണ് ആദിത്യന്റെ വീടിന്റെ നിർമാണം നടക്കുന്നത്.
ചേർത്തല അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സ്ഥലത്താണ് വീട് നിർമിക്കുന്നത്. ചേർത്തല അരീപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ അജയൻ-സജിത ദമ്പതികളുടെ ഏക മകനാണ്. സ്വന്തമായി വീടില്ലാതെ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന ആദിത്യൻ 44 സെന്റ് സ്ഥലത്ത് നെൽകൃഷിയും 20 സെന്റ് പാട്ടഭൂമിയിൽ പച്ചക്കറിക്കൃഷിയും നടത്തുന്നുണ്ട്.ഇതോടൊപ്പം അലങ്കാരമത്സ്യകൃഷി, ആട്,കോഴി,താറാവ്,പശു എന്നിവയെ വളർത്തലും വിജയകരമായി നടത്തിവരുന്നു.കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ശരത് സ്വാഗതവും മുൻ ബ്ലോക്ക് മെമ്പർ ടി.എസ്.രഘുവരൻ നന്ദിയും പറഞ്ഞു.
