ലോകം അഗ്നിപർവ്വതത്തിന് മുകളിൽ;ആയുധങ്ങൾ കൊണ്ട് സമാധാനം കെട്ടിപ്പടുക്കാനാവില്ല:യുദ്ധവിരുദ്ധ നിലപാടുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

ലോകം അഗ്നിപർവ്വതത്തിന് മുകളിൽ;ആയുധങ്ങൾ കൊണ്ട് സമാധാനം കെട്ടിപ്പടുക്കാനാവില്ല:യുദ്ധവിരുദ്ധ നിലപാടുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി : ഇസ്രായേലും അമേരിക്കയും ഒരു വശത്തും ഇറാൻ മറുവശത്തുമായി തുടരുന്ന രൂക്ഷമായ സൈനിക നീക്കങ്ങൾ ലോകത്തെ ഒരു മഹാദുരന്തത്തിലേക്ക് നയിക്കുകയാണെന്നും, ആയുധങ്ങൾ കൊണ്ട് സമാധാനം കെട്ടിപ്പടുക്കാനാവില്ലെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി പ്രസ്താവനയിൽ പറഞ്ഞു.ലോകം ഒരു അഗ്നിപർവ്വതത്തിന് മുകളിലെന്നപോലെ വിനാശകരമായ ഒരു യുദ്ധത്തിന്റെ വക്കിലാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ ആശങ്ക രേഖപ്പെടുത്തി.ഇസ്രായേലും ഇറാനും തമ്മിൽ നേരിട്ടുള്ള ആക്രമണങ്ങൾ ആരംഭിച്ചതും അതിൽ അമേരിക്കൻ സൈന്യത്തിന്റെ ഇടപെടലുകളും അന്താരാഷ്ട്ര തലത്തിൽ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.അധികാര രാഷ്ട്രീയത്തിന് വേണ്ടിയുള്ള വൻശക്തികളുടെ ഈ ബലപരീക്ഷണത്തിൽ നിരപരാധികളായ സാധാരണ മനുഷ്യരാണ് കൊലചെയ്യപ്പെടുന്നത്.

ആയുധങ്ങൾ വിൽക്കുന്നവർക്കും യുദ്ധം കൊതിക്കുന്നവർക്കും മാത്രമേ ഇത്തരം സംഘർഷങ്ങൾ ഗുണകരമാകൂ എന്ന് കെ.സി.വൈ.എം ചൂണ്ടിക്കാട്ടി.പശ്ചിമേഷ്യയിലെ യുദ്ധം ഗൾഫ് മേഖലയെക്കൂടി ബാധിക്കുന്നത് അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതത്തെയും സുരക്ഷയെയും വലിയ അപകടത്തിലാക്കും.ആഗോളതലത്തിൽ ഇന്ധനവില വർദ്ധിക്കുന്നതും വിതരണ ശൃംഖലകൾ തടസ്സപ്പെടുന്നതും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കും. ഈയൊരു സാഹചര്യത്തിൽ യുദ്ധം നിർത്താൻ ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും അടിയന്തിരമായി ഇടപെടണമെന്നും കെ. സി.വൈ.എം ആവശ്യപ്പെട്ടു.രൂപത വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേൽ,ജനറൽ സെക്രട്ടറി റോബിൻ ബിജു വടക്കേക്കര,സെക്രട്ടറിമാരായ ദിവ്യ പാട്ടശ്ശേരിയിൽ,ക്രിസ്റ്റി കാരുവള്ളിത്തറ,ട്രഷറർ നവീൻ പുലക്കുടിയിൽ,കോർഡിനേറ്റർ ബ്രിട്ടോ വാഴയിൽ, ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ,ആനിമേറ്റർ സി.റോസ് ടോം തുടങ്ങിയവർ സംസാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *