ലഹരി വിരുദ്ധ ബോധവത്ക്കരണ വാരാഘോഷത്തിന് ലൂയിസ് മൗണ്ട് ആശുപത്രിയിൽ തുടക്കമായി

ലഹരി വിരുദ്ധ ബോധവത്ക്കരണ വാരാഘോഷത്തിന് ലൂയിസ് മൗണ്ട് ആശുപത്രിയിൽ തുടക്കമായി

ചെന്നലോട് : ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണം നടത്തുന്നതിനായി, ലൂയിസ് മൗണ്ട് ആശുപത്രിയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ വാരാഘോഷ പരിപാടിക്ക് ഉജ്ജ്വല തുടക്കം. ജൂൺ 23-ന് രാവിലെ 10 മണിക്ക്, പരിപാടിയുടെ ഉദ്ഘാടനം വിൻസെൻഷ്യൻ സന്ന്യാസിനി സമൂഹത്തിൻ്റെ മദർ ജനറൽ സിസ്റ്റർ ഫിലോ നിർവഹിച്ചു. ചെന്നലോട് സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ജോബി മുക്കാട്ടുകാവുങ്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ് മാത്യു, ഡോ. ധന്യ പി എം (സൈക്ക്യാട്രിസ്റ്റ്), ഡോ. ലിൻജോ സി ജെ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്), ഡോ. സച്ചിൻ സാന്റി (സൈക്ക്യാട്രിസ്റ്റ്), ജിനേഷ് ജോസഫ് (സോഷ്യൽ വർക്കർ) എന്നിവർ സംസാരിച്ചു.ലഹരി ഉപയോഗത്തെക്കുറിച്ചുള്ള അവബോധം കൂടുതൽ ആഴത്തിൽ ജനമനസ്സിൽ എത്തിക്കാനായി, ആശുപത്രിയിൽ ഓഡിയോ-വിഷ്വൽ റോബോട്ടിക് ദൃശ്യാവിഷ്കാരത്തിന് തുടക്കമായി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള പ്രേക്ഷകർക്ക് ലഹരി ഉപയോഗം മനുഷ്യജീവിതത്തിൽ വരുത്തുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ആഴത്തിൽ അനുഭവിക്കാൻ കഴിയുന്ന വിധത്തിലാണ് അവതരണം.

ഉദ്ഘാടന ദിനത്തിൽ, “Say No to Drugs” എന്ന സന്ദേശം പങ്കുവെച്ചുകൊണ്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ലഹരിക്കെതിരെയുള്ള ശക്തമായ പ്രതിരോധശബ്ദമായി മാറി. തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്ക്കരണ ക്ലാസുകളും കൗൺസിലിംഗ് സെഷനുകളും നടന്നു.പൊതുജനങ്ങൾക്കായുള്ള പോസ്റ്റർ പ്രദർശനങ്ങൾ, റാലികൾ, ഓപ്പൺ ഫോറം ചർച്ചകൾ തുടങ്ങി ലഹരി വിരുദ്ധ സന്ദേശം കൂടുതൽ വ്യാപിപ്പിക്കുന്ന നിരവധി പരിപാടികൾ അടുത്ത ദിവസങ്ങളിലായി നടക്കും.പ്രതിരോധം, ചികിത്സ, പുനരധിവാസം എന്നീ മൂല്യങ്ങളെ ആസ്പദമാക്കി ലഹരിക്കെതിരെയുള്ള യുദ്ധം മുന്നോട്ട് കൊണ്ടുപോകാനാണ് ലൂയിസ് മൗണ്ട് ആശുപത്രിയുടെ ഈ സംരംഭം. ജനങ്ങളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സഹകരണം വഴി ആരോഗ്യപരമായ സമൂഹം രൂപപ്പെടുത്താനുള്ള ഈ കാമ്പെയ്‌ൻ, ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വരെ വിവിധ പരിപാടികളോടെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *