• admin

  • April 29 , 2021

ദില്ലി : രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. തുടര്‍ച്ചായായ 7 ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3645 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന മരണസംഖ്യ ഇന്നലെയാണ് ആദ്യമായി മൂവായിരം കടന്നിരുന്നത്. രോഗവ്യാപനം തീവ്രമാകുന്നതിനിടെ ഓക്സിജന്‍, വാക്സീന്‍ പ്രതിസന്ധികളും മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, ചൈനീസ് സഹായം സ്വീകരിക്കുന്നതിൽ ഇന്ത്യ നയം മാറ്റി. ഓക്സിജൻ കോൺസൺട്രറ്ററുകളും മരുന്നുകളും സ്വീകരിക്കും. വിദേശസഹായം വേണ്ടെന്ന പൊതുനയം തല്ക്കാലം മാറ്റിവയ്ക്കുകയാണ് കേന്ദ്രം. രാജ്യത്ത് 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ചികിത്സയിലുള്ളവരുടെ എണ്ണം 30,84,814 ആയി. കൊവിഡ് വ്യാപനം രീക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സീന്‍ രജിസ്ട്രേഷനും വര്‍ദ്ധിക്കുകയാണ്.  രാജ്യത്തെ ആകെ വാക്സിനേഷൻ 15 കോടി പിന്നിട്ടു. അതേസമയം, സംസ്ഥാനങ്ങളുടെ സമ്മർദത്തിലും സുപ്രീംകോടതിയുടെ ഇടപെടലിനും പിന്നാലെ, സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കൊവിഷീല്‍ഡ് വാക്സീന്‍റെ വില കുറച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക്കും വില കുറച്ചേക്കാനിടയുണ്ട്.