• admin

  • January 20 , 2020

: രാജക്കാട് – മൈലാടുംപാറ റോഡ് നിര്‍മ്മാണ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. ഗ്രാമപ്രദേശങ്ങളുടെ വികസനം ലക്ഷ്യം വച്ചാണ് ഗ്രാമീണ റോഡുകൾ നിർമ്മിക്കുന്നത്. ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. ഇത്തരം റോഡുകളുടെ നിർമ്മാണ തടസ്സങ്ങൾ നീക്കുന്നതിന് ജനകീയ സമിതികൾ രൂപികരിക്കണമെന്നും നിർമാണോദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ചെമ്മണ്ണാർ ഗ്യാപ് റോഡിന്റെ ഭാഗമായ കുത്തിങ്കല്‍ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സ്ലീവാമല, വട്ടക്കണ്ണിപ്പാറ, കോളനിക്കവല, കാരിത്തോട്, പൊത്തക്കള്ളി, മൈലാടുംപാറ വഴി മൂന്നാർ – കുമളി സംസ്ഥാന പാതയിൽ സന്ധിക്കും. 10 കിലോമീറ്റര്‍ റോഡിന്റെ നിർമാണത്തിനായി 17 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യയിൽ രണ്ട് ലെയർ ടാറിങ്ങ് ഉൾപ്പെടെ ദേശിയ നിലവാരത്തിലാണ് റോഡ് നിർമിക്കുന്നത്. ഒരു മീറ്റർ വീതിയിൽ ഐറിഷ് ഡ്രെയിനേജ് സംവിധാനവും പാതയിലുണ്ടാകും. ആറ് മാസം കൊണ്ട് റോഡിന്റെ നിർമാണം പൂർത്തിയാക്കും. എം.ജി സർവകലാശാലയിൽ നിന്ന് എം. എ ഗ്രാഫിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കുത്തുങ്കൽ സ്വദേശി ജോയൽ റെജിയെയും ചടങ്ങിൽ ആദരിച്ചു.