• admin

  • January 25 , 2020

കൊച്ചി : എറണാകുളം പാവക്കുളത്ത് പൗരത്വ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച ആതിരയെ വനിത കമ്മീഷന്‍ സന്ദര്‍ശിച്ചു. ആതിരയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുന്നതിനായാണ് കമ്മീഷന്‍ നേരിട്ടെത്തിയത്. ആതിരക്കു നേരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ ആക്രമണങ്ങള്‍ നടന്നിരുന്നു. ആതിരയുടെ പരാതിയെത്തുടര്‍ന്ന് പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രണ്ട് ദിവസമായി വീടിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് ആതിര മാധ്യമങ്ങളോട് പറഞ്ഞു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അതേസമയം, സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും വലിയ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ആതിര പറഞ്ഞു. തനിക്കെതിരെ വ്യാജ സോഷ്യല്‍മീഡിയാ പ്രൊഫൈലുകളില്‍നിന്നും ആക്രമണമുണ്ടാകുന്നുണ്ടെന്നും ഇത് വനിതാക്കമ്മീഷനില്‍ പരാതിപ്പെടുമെന്നും ആതിര പറഞ്ഞു. ആതിരയ്ക്ക് നേരെയുണ്ടായ അതിക്രമം അപലപനീയമാണെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പ്രതികരിച്ചു. ഇതുവരെയെടുത്ത അന്വേഷണങ്ങളെ സംബന്ധിച്ച് പൊലീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ആതിരയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.