• admin

  • February 5 , 2020

കോഴിക്കോട് : കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂടുതല്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. കെഎച്ച്ആര്‍ഡബ്ല്യുഎസ് പേ വാര്‍ഡ് ബ്ലോക്കിലെ താഴത്തെ നില പൂര്‍ണമായും ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റും. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി വരുന്നവരില്‍ രോഗസാധ്യത കൂടുതലുള്ളവരെ പ്രത്യേകം പരിചരിക്കാനാണിത്. രോഗപ്രതിരോധത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി പേ വാര്‍ഡുകള്‍ ഏറ്റെടുക്കുമെന്ന് സൂപ്രണ്ട് ഡോ. കെ ജി സജീത്ത്കുമാര്‍ പറഞ്ഞു. രോഗലക്ഷണങ്ങളുമായി വരുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യമുണ്ടായാല്‍ നേരിടാനാണ് വാര്‍ഡ് ഏറ്റെടുക്കുന്നത്. നോഡല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം മാത്രമേ ഐസൊലേഷന്‍ പേ വാര്‍ഡില്‍ രോഗികളെ അഡ്മിറ്റ് ചെയ്യൂ. നിലവില്‍ ജെറിയാട്രിക് വാര്‍ഡില്‍ 14 കിടക്കകളാണുള്ളത്. കൂടാതെ രണ്ട് തീവ്രപരിചരണ വാര്‍ഡും സജ്ജീകരിച്ചിട്ടുണ്ട്. വുഹാനില്‍ നിന്നെത്തുന്ന രോഗലക്ഷണമുള്ളവരുടെ സ്വാബ് ശേഖരിച്ച് വൈറോളജി ലാബിലേക്ക് അയക്കുകയും ഇത്തരം രോഗികളെ ആശുപത്രിയില്‍ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്യുകയും ചെയ്യും. മറ്റുള്ളവരെ വീടുകളില്‍തന്നെ നിരീക്ഷണത്തില്‍ കിടത്തുകയാണ് ചെയ്യുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി എല്ലാതരത്തിലും രോഗപ്രതിരോധത്തിന് പൂര്‍ണ സജ്ജമാണെന്ന് സൂപ്രണ്ട് അറിയിച്ചു. അതേസമയം കടുത്ത രോഗ ലക്ഷണമില്ലെങ്കില്‍ രോഗികള്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സതേടണമെന്നും അധികൃതര്‍ അറിയിച്ചു.