കൊച്ചി : വിവാദമായ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ പ്രതികളായ അഗസ്റ്റിന് സഹോദരന്മാര്ക്ക് വീണ്ടും തിരിച്ചടി.കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ വാദം കോടതി തള്ളിക്കളഞ്ഞു.കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ കോടതിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ മജിസ്ട്രേറ്റ്,ഈ മാസം 31-ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ ഉത്തരവിട്ടു.വയനാട്ടില്‍ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിമരങ്ങള്‍ വനംവകുപ്പിന്റെ സാധുവായ പെര്‍മിറ്റുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിറ്റഴിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.ഓഗസ്റ്റ് 31-ന് നടക്കുന്ന വിചാരണ നടപടികളില്‍ കേസിലെ ഒന്നാം പ്രതിയായ റോജി അഗസ്റ്റിന് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് വിചാരണക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതേസമയം,മറ്റ് പ്രതികളായ ആന്റോ അഗസ്റ്റിന്,ജോസ്കുട്ടി അഗസ്റ്റിന് എന്നിവരുടെ അപേക്ഷ പരിഗണിച്ച് അവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ കോടതി അനുമതി നല്കി.കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് കോടതിയുടെ പുതിയ നിര്‍ദ്ദേശം.
