• admin

  • January 23 , 2020

മാവേലിക്കര : മിച്ചല്‍ ജങ്ഷന്‍ വിപുലീകരണത്തിന് ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി. മിച്ചല്‍ ജങ്ഷന്റെ വടക്ക് ഭാഗത്തുനിന്നാണ് സ്ഥാന നിര്‍ണയം ആരംഭിച്ചത്. കോട്ടത്തോടിന് സമീപത്ത് നിന്നും അതിര്‍ത്തി രേഖപ്പെടുത്തി കല്ലിട്ടു തുടങ്ങി. ആര്‍ രാജേഷ് എംഎല്‍എയുടെയും നഗരസഭാധ്യക്ഷ ലീല അഭിലാഷിന്റെയും കൗണ്‍സിലര്‍ കെ ഗോപന്റെയും സാന്നിധ്യത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചത്. റോഡിന്റെ കിഴക്കു ഭാഗത്തെ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഭൂമി ഏറ്റെടുക്കേണ്ട ഭാഗത്ത് ആണി അടിച്ച് അതിര്‍ത്തി നിര്‍ണയിച്ചു. മിച്ചല്‍ ജങ്ഷനില്‍ നിന്നും വടക്കോട്ടും കിഴക്കോട്ടും അളവെടുത്തു. റവന്യു-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. റോഡരികിലെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തിയ ശേഷം സ്വകാര്യവ്യക്തികളുടെ വസ്തു ഏറ്റെടുക്കല്‍ നടക്കും. ഭൂമി ഏറ്റെടുക്കലിന് മുമ്പ് ഉടമയുടെ പേരും വസ്തുവിന്റെ വിസ്തീര്‍ണവും സര്‍വേ നമ്പരും ഉള്‍പ്പെടെ വിശദമാക്കി ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തും. ആര്‍ രാജേഷ് എംഎല്‍എയുടെ നിര്‍ദ്ദേശാനുസരണം 2017-18 ബജറ്റിലാണ് ജംഗ്ഷന്‍ വിപുലീകരണം ഉള്‍പ്പെടുത്തിയത്. 20 ശതമാനം ടോക്കണ്‍ പ്രൊവിഷനോടുകൂടി ഉള്‍പ്പെടുത്തിയ പ്രവൃത്തിക്ക് 2018 സെപ്തംബര്‍ 25 ന് 25 കോടിയുടെ ഭരണാനുമതി ലഭിച്ചു. 2019 ഓഗസ്ത് ഒമ്പതിന് സാങ്കേതിക അനുമതിയായി. പൊതുമരാമത്ത് നിരത്ത് വിഭാഗം പ്രവൃത്തി ഏറ്റെടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ടെന്‍ഡറിലൂടെ നിയോഗിച്ച ഏജന്‍സി, ഭൂമിയേറ്റെടുക്കലിനാവശ്യമായ പഠനവും നടത്തി. നിലവില്‍ ഏഴുമുതല്‍ എട്ടുമീറ്റര്‍ വരെയാണ് റോഡിന്റെ വീതി. ഇത് 18 മീറ്ററിലേക്ക് മാറും. ജങ്ഷനില്‍ നിന്നും നാലു ഭാഗത്തേക്കുമായി 95 സെന്റ് ഏറ്റെടുക്കേണ്ടിവരും. വടക്കോട്ട് 70 മീറ്ററും തെക്കോട്ട് 55 മീറ്ററും പടിഞ്ഞാറോട്ട് 75 മീറ്ററും കിഴക്കോട്ട് 117 മീറ്ററും ദൂരത്തിലാണ് വിപുലീകരണം. നിയമപരമായ എല്ലാ നടപടിയും പൂര്‍ത്തീകരിച്ചാണ് ഭൂമി എറ്റെടുക്കലിന് തുടക്കമിട്ടത്. നഗരം കാത്തിരുന്ന വികസനത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.