• admin

  • January 20 , 2020

ജയ്പൂര്‍ : പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാരും. ജനുവരി 24ന് തുടങ്ങുന്ന സംസ്ഥാന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എം.എല്‍.എ വാജിബ് അലി ഉള്‍പ്പെടെ ആറ് എം.എല്‍.എമാരാണ് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട കത്ത് ഇവര്‍ മുഖ്യമന്ത്രിയ്ക്ക് അയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ അട്ടിമറിക്കുന്നതാണ് നിയമം. ഇതിനെതിരെ പ്രതിഷേധം ഉയരേണ്ടത് അനിവാര്യമാണ്. വാജിബ് അലി പറഞ്ഞു. എന്നാല്‍ പ്രമേയം പാസാക്കാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്ന് രാജസ്ഥാന്‍ ബി.ജെ.പി നേതൃത്വം അറിയിച്ചു. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളവും പഞ്ചാബും പ്രമേയം പാസാക്കിയിരുന്നു. നിയമത്തിനെതിരെ കേരളം സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. പ്രമേയം പാസാക്കിയാല്‍ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാകും രാജസ്ഥാന്‍.