കോഴിക്കോട് : പേരാമ്പ്രയില്‍ യു.ഡി.എഫ് – എല്‍.ഡി.എഫ് സംഘർഷം.പൊലീസ് നടത്തിയ ലാത്തിച്ചാർജില്‍ ഷാഫി പറമ്പില്‍ എം.പി, ഡി.സി.സി പ്രസിഡന്‍റ് പ്രവീണ്‍ കുമാർ എന്നിവർക്കടക്കം നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.ഇന്നലെ നടന്ന സികെജി കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പേരാമ്പ്രയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.തുടർന്ന് ഇന്ന് വൈകുന്നേരം ഇരു വിഭാഗങ്ങളും പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തി. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്.മാർച്ച് തടഞ്ഞ പൊലീസും കോണ്‍ഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ നിര്‍ദേശം നല്‍കി.കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആണ് ആഹ്വാനം ചെയ്തത്. നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.അതേസമയം, സംഭവത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. എംപിക്ക് സുരക്ഷ നല്‍കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു.