• admin

  • January 5 , 2020

തിരുവനന്തപുരം : തിരുവനന്തപുരം : കുട്ടനാട് സീറ്റ് തിരിച്ചുപിടിക്കാനൊരുങ്ങി യുഡിഎഫ്. ഇതിനായി അരൂരില്‍ അട്ടിമറി വിജയം നേടാന്‍ തന്ത്രമൊരുക്കിയ ടീമിനെ കുട്ടനാട്ടിലേക്കും നിയോഗിക്കാനാണ് കോണ്‍ഡഗ്രസ് തീരുമാനം. നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിനാണ് കുട്ടനാട് സീറ്റ്. എന്നാല്‍ പാലയില്‍ സംഭവിച്ചതുപോലെ ജോസഫും ജോസ് കെ മാണിയും പരസ്പരം ഏറ്റുമുട്ടല്‍ തുടരുകയാണെങ്കില്‍ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസിനുളളില്‍ ഭൂരിഭാഗത്തിനും ഉളളത്. പാലാ പോലെ 50 വര്‍ഷം യുഡിഎഫിനൊപ്പം നിന്ന സീറ്റ് എല്‍ഡിഎഫിന് അടിയറ വച്ചതു കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ്. നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ കുട്ടനാട്ടില്‍ അതു തുടരാനാണു ഭാവമെങ്കില്‍ അനുവദിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നത്. അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനെ അട്ടിമറി വിജയത്തിലേക്കു നയിച്ച കെ.വി.തോമസ്-പി.ടി.തോമസ് ടീമിനെയാണ് കുട്ടനാട്ടിലേക്കു നിയോഗിക്കാന്‍ കെപിസിസി തീരുമാനിച്ചത്. പാര്‍ട്ടി നിര്‍ദേശപ്രകാരം ഇരുവരും ഇതിനകം രണ്ടുതവണ ആലപ്പുഴയിലെത്തി പ്രാരംഭ ചര്‍ച്ച നടത്തി. കൊടിക്കുന്നില്‍ സുരേഷ് എംപി, ഡിസിസി പ്രസിഡന്റ് എം.ലിജു എന്നിവര്‍ കൂടി ചുമതലക്കാരായി ഒപ്പം ഉണ്ടാകണമെന്ന് ഇരുനേതാക്കളും കെപിസിസിയോട് ആവശ്യപ്പെട്ടു. പി ജെ ജോസഫ് പക്ഷത്തുള്ള ജേക്കബ് ഏബ്രഹാം കഴിഞ്ഞതവണ മത്സരിച്ച സീറ്റില്‍ ജോസഫ്, ജോസ് പക്ഷങ്ങള്‍ ഇതിനകം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കുട്ടനാട് സീറ്റില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി മല്‍സരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ചാക്കോ, ഡോ ഷാജോ കണ്ടക്കുടി എന്നിവരെയാണ് ജോസ് പക്ഷം പരിഗണിക്കുന്നത്. എന്നാല്‍ ജേക്കബ് എബ്രഹാം തന്നെയാണ് ജോസഫ് വിഭാഗത്തിന്റെ പരിഗണനയിലുള്ളത്.