• admin

  • August 4 , 2020

കൽപ്പറ്റ : ആയിരം കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ അധ്യക്ഷനായിരുന്നു. സംസ്ഥാനത്തെ14 കേന്ദ്രങ്ങളിലായി നടന്ന ഓൺലൈൻ ഉദ്ഘാടന പരിപാടിയിൽ വയനാട് ജില്ലയിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ മൂരിക്കാപ്പ് കല്ലട പനങ്കരപ്പാടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ജില്ലയിൽ 108 റോഡുകളാണുള്ളത് ഇതിൽ 97 പദ്ധതികൾക്ക് സാങ്കേതിക അനുമതി ലഭിച്ചു. 2018, 2019 പ്രളയത്തിൽ തകർന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശറോഡുകൾക്കായി ആവിഷ്കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് ഹാളിൽ നടന്ന ജില്ലയിലെ ഉദ്ഘാടന ചടങ്ങിൽ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, വെങ്ങാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം നാസര്‍, വെങ്ങാപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ഒ.ബി.വസന്ത, ഡി.ഡി.പി. ജയരാജൻ.പി, എക്സിക്യുട്ടീവ് എൻജിനീയർ ദിലീപ്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എം.ബി ജേഷ് എന്നിവര്‍ പങ്കെടുത്തു.