• admin

  • February 29 , 2020

ന്യൂഡല്‍ഹി :

ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിളിന്റെയും ഐബി ഉദ്യോഗസ്ഥന്റെയും ബന്ധുക്കള്‍ക്ക് തന്റെ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് ബിജെപി നേതാവും എംപിയുമായ പര്‍വേഷ് വര്‍മ. 

എംപി എന്ന നിലയില്‍ തന്റെ ചുമതലയാണത്. തന്റെ ഒരു മാസത്തെ ശമ്പളം കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോണ്‍സ്റ്റബില്‍ രത്തന്‍ലാലിന്റെയും ഐബി ഓഫീസര്‍ അങ്കിത് ശര്‍മയുടെയും കുടുംബത്തിന് നല്‍കുമെന്ന് വര്‍മ പറഞ്ഞു. ഡല്‍ഹിയിലെ കലാപം നിര്‍ഭാഗ്യകരമായി പോയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പര്‍വേഷ് വര്‍മയുടെ വിദ്വേഷ പ്രസംഗമുള്‍പ്പെടെയായിരുന്നു കലാപത്തിനിടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കലാപത്തില്‍ 42 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 200ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും വീടുകളും പെട്രോള്‍ പമ്പുകളും തകര്‍ന്നു. മൂന്ന് പതിറ്റാണ്ടിനിടെ ഡല്‍ഹി കണ്ട വലിയ കലാപമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.