• admin

  • January 6 , 2020

: ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് വിലയിട്ട് ഇറാന്‍. ട്രംപിനെ വകവരുത്തിയാല്‍ 80 മില്ല്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികമാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്, അതായത് ഏകദേശം അഞ്ഞൂറുകോടി ഇന്ത്യന്‍ രൂപ. ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം തീര്‍ക്കാനാണ് ഇറാന്റെ നടപടി. എല്ലാ ഇറാനിയന്‍ പൗരന്മാരില്‍ നിന്നും ഓരോ ഡോളര്‍ വീതം ശേഖരിച്ച് ഇതിനുള്ള പണം കണ്ടെത്തുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ ദേശീയ മാധ്യമത്തിലൂടെ പണപ്പിരിവിന് ആഹ്വാനം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ഇറാന് വൈറ്റ് ഹൗസ് അക്രമിക്കാനുള്ള ശേഷിയുണ്ടെന്നും സുലൈമാനിയുടെ മരണത്തില്‍ അമേരിക്കയുടെ ഹൃദയത്തില്‍ അടി നല്‍കുമെന്നും ഇറാന്‍ എംപി അബുല്‍ഫസല്‍ അബുതൊരാബി പറഞ്ഞു. ഇതൊരു യുദ്ധ പ്രഖ്യാപനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം, ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ച ഇറാനിയന്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ലക്ഷങ്ങളാണ് അണിനിരന്നത്. 'അമേരിക്കയിലേക്ക് മരണം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ വിലാപയാത്ര നടത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.