• admin

  • June 29 , 2020

തിരുവനന്തപുരം : ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. അന്തരിച്ച മുന്‍ധനമന്ത്രി കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് വിഭാഗത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ പല തവണ പറഞ്ഞിട്ടും കേട്ടില്ല .കൂടാതെ പല തവണ സമവായചര്‍ച്ച നടത്തിയിട്ടും വഴങ്ങാനും തയ്യാറായിരുന്നില്ല എന്നെല്ലാമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം തല്‍ക്കാലം നോക്കുന്നില്ലെന്നും പല തവണ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസ് തര്‍ക്കമാണ് നിലനിന്നിരുന്നത്. ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറേണ്ടതായിരുന്നു. എന്നാല്‍ ജോസ് കെ മാണി അതിന് തയ്യാറായില്ല. യുഡിഎഫിന്‍റെ നേതൃത്വത്തില്‍ പല തവണ സമവായചര്‍ച്ചകള്‍ നടന്നു. ഒരുമിച്ച്‌ പോകണം എന്ന നിലപാട് യുഡിഎഫ് കണ്‍വീനറും പ്രതിപക്ഷനേതാവും പല തവണ ജോസ് കെ മാണിയോടും പി ജെ ജോസഫിനോടും പറഞ്ഞത്.