• admin

  • April 27 , 2023

വൈത്തിരി : താലൂക്ക് ആസ്ഥാന ആശുപത്രിയിലെ പാർട്ട് ടൈം സ്വീപ്പർ ജീന സോളമനെ ജെസിഐ കൽപ്പറ്റ ‘സല്യൂട്ട് ദ സൈലന്റ് സ്റ്റാർ’ പ്രൊജക്ടിന്റെ ഭാഗമായി പുരസ്‌കാരം നല്‍കി ആദരിച്ചു. ആശുപത്രിയെ മാലിന്യമുക്തമായി സൂക്ഷിക്കുന്നതിൽ സ്തുത്യര്‍ഹവും മാതൃകാപരവുമായ സേവനം ചെയ്യുന്ന ക്ലീനിംഗ് ജീവനക്കാരെയാണ് ഈ മാസത്തെ പുരസ്‌കാരത്തിനു പരിഗണിച്ചത്. ജെസിഐ ആവാർഡ് നിർണ്ണയ കമ്മിറ്റിയുടെ വിലയിരുത്തലിനോടൊപ്പം സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുടേയും സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായവും പരിഗണിച്ചാണ് ജീനയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചർ ജീനക്ക് പുരസ്ക്കാരം കൈമാറി. ഡി എം ഒ ഡോ. ദീനീഷ് ആർ വിശിഷ്ടാതിഥിയായിരുന്നു. ജെസിഐ ലോക്കൽ ഓർഗനൈസേഷൻ പ്രസിഡന്റ് ബേബി നാപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പൊതുമരാമത്ത് സറ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ചന്ദ്രിക കൃഷ്ണൻ , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അസ്മ കെ.കെ. ആശുപത്രി സൂപ്രണ്ട് ഡോ.ഷെറിൻ ജോസഫ് , ആർദ്ര കേരളം ജില്ലാ നോഡൽ ഓഫീസർ ഡോ. പി.എസ്.സുഷമ, അബ്രഹാം ഇ.വി., ജെ സി ഐ ഫൗണ്ടേഷൻ സ്റ്റാർ എം ജി സേവ്യർ , പ്രകാശ് കെ.ബി, ജീന സോളമൻ,ഷമീർ പാറമ്മൽ ,സംഗീത സി.ജി., ഷാജി പോൾ , അഭിലാഷ് സെബാസ്റ്റ്യൻ, രമ്യ സി.ആർ ,എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോകന്ന ആശുപത്രിയിലെ ലെ സെക്രട്ടറി പ്രകാശ് കെ.ബി. യുണൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കൽപ്പറ്റ ഓഫീസിൽ നിന്നും ഈ മാസം വിരമിക്കുന്ന എം ജി സേവ്യർ എന്നിവർക്ക് സ്നേഹോപഹാരങ്ങൾ നൽകി.