ഗിന്നസ് റെക്കോഡ് തിളക്കത്തിൽ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ;നേട്ടം കൈവരിച്ചത് 401 പേർ പങ്കെടുത്ത റിലേ സ്പീച്ച്

ഗിന്നസ് റെക്കോഡ് തിളക്കത്തിൽ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ;നേട്ടം കൈവരിച്ചത് 401 പേർ പങ്കെടുത്ത റിലേ സ്പീച്ച്

കൊച്ചി : വിജ്ഞാന- വിനോദ ഉത്സവ വേദിയായ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുടെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് ഗിന്നസ് റെക്കോഡ്. സമ്മിറ്റിന്റെ ഭാഗമായി 401 പേർ പങ്കെടുത്ത റിലേ സ്പീച്ചാണ് ​ഗിന്നസിൽ ഇടം പിടിച്ചത്.10 മണിക്കൂർ 25 മിനിറ്റുകൊണ്ടാണ് റിലേ പൂർത്തിയാക്കിയത്. സൂറത്തിൽ നടന്ന 313 പേർ പങ്കെടുത്ത റിലേ സ്പീച്ചായിരുന്നു ഇതുവരെയുള്ള റെക്കോഡ്.ഇതാണ് കൊച്ചിയിൽ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ മറികടന്നത്.രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി രാത്രി 7.25 ന് ആണ് സമാപിച്ചത്.കുറഞ്ഞത് ഒരു മിനിറ്റും പരമാവധി മൂന്നു മിനിറ്റുമാണ് പ്രസം​ഗ സമയം.കൂടാതെ,ഒരാളുടെ പ്രസം​ഗ ശേഷം പത്ത് സെക്കൻഡിനുള്ളിൽ അടുത്ത പ്രസം​ഗം തുടങ്ങണമെന്ന മാനദണ്ഡവുമുണ്ട്.ഇവയെല്ലാം കൃത്യമായി പാലിച്ചാണ് റിലേ സ്പീച്ച് പൂർത്തിയാക്കിയത്.സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ സമാപന ദിനം നടന്ന ചടങ്ങിൽ ​ഗിന്നസ് റെക്കോഡ് അഡ്ജൂഡിക്കേറ്റർ സ്വപ്നിൽ ദങ്കാരിക്കരിൽ ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, പ്രോ വൈസ് ചാൻസിലർ പ്രൊഫ. ഡോ.ജെ ലത എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

ഭാവിയെക്കുറിച്ച് സംസാരിക്കുക എന്ന ലക്ഷ്യത്തോടെ ‘സ്പീക്ക് ഫോർ ദ ഫ്യൂച്ചർ’ എന്ന പ്രമേയത്തിൽ നടന്ന ഈ വിജ്ഞാന വിരുന്ന്, വ്യത്യസ്ത കാഴ്ചപ്പാടുകളുടെയും ശബ്ദങ്ങളുടെയും അപൂർവ്വ സംഗമവേദിയായി മാറി.സമ്മിറ്റിന്റെ സമാപനത്തോട് അനുബന്ധിച്ച് ലഭിച്ച നേട്ടം ജെയിൻ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി.കഴിഞ്ഞ തവണ സുസ്ഥിരതയെ ആസ്പദമാക്കി കൂടുതൽ സ്പീക്കേഴ്സ് സംസാരിച്ച സമ്മിറ്റ് എന്ന നിലയിൽ ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്, ഏഷ്യാ ബുക്സ് ഓഫ് റെക്കോഡ് എന്നിവയും സമ്മിറ്റ് ഓഫ് ഫ്യൂച്ചർ സ്വന്തമാക്കിയിരുന്നു.

മണിക്കൂറുകളോളം നീണ്ടുനിന്ന പ്രസംഗ പരമ്പരയിൽ വിവിധ പ്രായത്തിലുള്ളവരും വൈവിധ്യമാർന്ന തൊഴിൽ മേഖലകളിൽ നിന്നുള്ളവരുമായവരാണ് ഭാവി ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും പങ്കുവെച്ചത്.വിദ്യാഭ്യാസം,സുസ്ഥിര വികസനം,നൂതന സാങ്കേതികവിദ്യകൾ, മൂല്യാധിഷ്ഠിത സമൂഹം എന്നിങ്ങനെ മനുഷ്യജീവിതത്തെ സ്പർശിക്കുന്ന സകല വിഷയങ്ങളും ചർച്ചാവിഷയമായി.കേവലം ഒരു പ്രസംഗം എന്നതിലുപരി ഓരോ പങ്കാളിയും തങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെയും അറിവിലൂടെയും ഭാവിയുടെ പുതിയൊരു ചിത്രം വരച്ചുകാട്ടുകയായിരുന്നു.ലോകം എങ്ങനെയായിരിക്കണമെന്ന വലിയ ചിന്തകൾക്കൊപ്പം പ്രായഭേദമന്യേ എല്ലാവർക്കും ഒരേപോലെ ശബ്ദം നൽകാൻ ഈ വേദിക്ക് കഴിഞ്ഞു.

ജെയിൻ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ പ്രൊഫ.ഡോ.ജെ.ലതയാണ് ഈ ചരിത്രപരമായ സ്പീച്ച് റിലേയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്.റെക്കോർഡ് നേട്ടത്തിലേക്കുള്ള അവസാന നിമിഷങ്ങൾ വേദിയിൽ വലിയ ആകാംക്ഷയാണ് നിറച്ചത്.റിലേയിലെ 400-ാമത്തെ സ്പീക്കറായി ഡോ. ടോം ജോസഫ് സംസാരിച്ചപ്പോൾ,റെക്കോർഡ് നേട്ടം പൂർത്തിയാക്കി 401-ാമത്തെ പ്രഭാഷകനായി എത്തിയത് ആറു വയസ്സുകാരൻ മാസ്റ്റർ സ്റ്റീവ് ടോം ജോസഫാണ്.താൻ സ്വപ്നം കാണുന്ന ഭാവിയെക്കുറിച്ച് സ്റ്റീവ് പങ്കുവെച്ച വാക്കുകൾ സദസ്സിന് നവ്യാനുഭവമായി.ഒരു ഗിന്നസ് റെക്കോർഡ് എന്നതിലുപരി,വരുംതലമുറയെ ചർച്ചകളിൽ പങ്കാളികളാക്കാനും വരുംകാലത്തേക്ക് ക്രിയാത്മകമായ ആശയങ്ങൾ സമർപ്പിക്കാനുമുള്ള ജെയിൻ യൂണിവേഴ്സിറ്റിയുടെ ശ്രമങ്ങളുടെ സാക്ഷ്യപത്രമായി ഈ നേട്ടം മാറി.

Leave a Reply

Your email address will not be published. Required fields are marked *