• admin

  • November 3 , 2021

കോട്ടയം : ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ വ്യാഴാഴ്ചയും ഞായറാഴ്ചയും (നവംബർ 4, 7) കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മീല്ലീമീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴയായി കണക്കാക്കുക. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം 24 മണിക്കൂറിൽ വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ നവംബർ ഏഴുവരെ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യത. വ്യാഴാഴ്ച (നവംബർ 4) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര പൂർണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടം ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കണം. (കെ.ഐ.ഒ.പി.ആർ. 2532/21)