• Lisha Mary

  • March 9 , 2020

തിരുവനന്തപുരം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബയോമെട്രിക് പഞ്ചിങ് സിസ്റ്റം ഒഴിവാക്കി കെഎസ്ആര്‍ടിസി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജീവനക്കാര്‍ ആരും തന്നെ ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം ഉപയോഗിക്കേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. ജീവനക്കാര്‍ മാസ്‌ക് ഉപയോഗിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും എംഡി മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പ് മാസ്‌കും കയ്യുറകളും നല്‍കിയിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍, പത്തനംതിട്ട ജില്ലയിലെ എല്ലാ ബസ് സ്‌റ്റേഷനുകളിലേയും ജീവനക്കാര്‍ക്കും ജില്ല വഴി കടന്നു പോകുന്ന മറ്റു ജില്ലകളിലെ സര്‍വ്വീസുകളിലെ ക്രൂവിനും അതത് ഡിപ്പോയിലെ കണ്ടിജന്‍സി ഫണ്ടില്‍ നിന്നും ഉപയോഗപ്രദമായ രോഗ പ്രതിരോധ അവശ്യ സാധനങ്ങള്‍ വാങ്ങി നല്‍കാന്‍ കെഎസ്ആര്‍ടിസി സിഎംഡി ഉത്തരവിട്ടിട്ടുണ്ട്.