• admin

  • January 31 , 2020

കോഴിക്കോട് : കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ രോഗബാധിത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. കൊറോണ സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. എയര്‍പോര്‍ട്ടുകളില്‍ പ്രാഥമിക പരിശോധന നടത്തും. ജില്ലയില്‍ എത്തിയ ഉടന്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലൊ, ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഐ.ഡി.എസ്.പി സെല്ലിലോ തങ്ങളുടെ വിവരങ്ങള്‍ അറിയിക്കണം. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും 28 ദിവസം ഇവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. ഇവരെ ദിവസവും വിളിച്ച് ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കും. കുടുംബാംഗങ്ങളുമായി കഴിവതും സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ ശ്രമിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. അത്യാവശ്യ സാഹചര്യങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ ആംബുലന്‍സില്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി, ബീച്ച് ആശുപത്രി എന്നിവിടങ്ങളിലാണ് ജില്ലയിലെ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചിട്ടുള്ളത്. തിരിച്ചെത്തുന്ന ആളുകള്‍ അക്കാര്യം ആരോഗ്യ കേന്ദ്രങ്ങളിലോ ജില്ലാമെഡിക്കല്‍ ഓഫീസിലെ ഇ.മെയിലിലോ (coronakkd@gmail.com), 0495 2371471, 0495 2376063 എന്നീ ഫോണ്‍ നമ്പറുകളിലോ അറിയിക്കണം. മറ്റ് വിവരങ്ങള്‍ക്കായി ജില്ലാ സര്‍വലന്‍സ് ഓഫീസറുടെ 9947068248 എന്ന നമ്പറിലും ബന്ധപ്പെടാം.