• Lisha Mary

  • March 16 , 2020

ഭോപ്പാല്‍ : മധ്യപ്രദേശ് നിയമസഭാ ബജറ്റ് സമ്മേളനം ഈ മാസം 26 വരെ പിരിഞ്ഞു. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയാണ് സഭ 26 വരെ പിരിഞ്ഞതായി സ്പീക്കര്‍ എന്‍.പി. പ്രജാപതി അറിയിച്ചത്. കൊറോണവൈറസിന്റെ പശ്ചാത്തലത്തിലാണ് സഭ നിര്‍ത്തിവെച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാരിന് ഇത് താത്കാലിക ആശ്വാസമായി കേവലഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ചതന്നെ നിയമസഭയില്‍ വിശ്വാസം തേടണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ നിര്‍ദേശിച്ചിരുന്നു. അതേ സമയം സഭാസമ്മേളനത്തിന്റെ അജന്‍ഡയില്‍ സ്പീക്കര്‍ വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല. ഹരിയാണയിലേക്ക് മാറ്റിയിരുന്ന ബിജെപി എംഎല്‍എമാരും ജയ്പൂരിലേക്ക് മാറ്റിയിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരും രാവിലെ നിയമസഭയിലെത്തി. പിന്നാലെ സഭയെ അഭിസംബോധന ചെയ്യുന്നതിനായി ഗവര്‍ണറും എത്തി. രണ്ടു മിനിറ്റ് മാത്രം നയ പ്രഖ്യാപന പ്രസംഗം നടത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. ഭരണഘടന പ്രകാരമുള്ള നിയമങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും, മധ്യപ്രദേശിന്റെ അന്തസ്സ് സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിമതരായ 22 എംഎല്‍എമാര്‍ സഭയിലെത്തിയിരുന്നില്ല. ബെംഗളൂരുവില്‍ തുടരുകയാണ് അവര്‍. വിജയ ചിഹ്നം കാണിച്ചാണ് മുഖ്യമന്ത്രി കമല്‍നാഥ് എംഎല്‍എമാര്‍ക്കൊപ്പം സഭയിലെത്തിയത്. മാസ്‌ക് ധരിച്ചാണ് എംഎല്‍എമാര്‍ എല്ലാവരും എത്തിയത്.