• admin

  • January 7 , 2020

: തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെല്‍പാം പുറത്തിറക്കുന്ന ആറുതരം കോളകളുടെ വിപണനോദ്ഘാടനം വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ നടി മഞ്ജുവാര്യര്‍ക്ക് നല്‍കി നിര്‍വഹിച്ചു. 250 മില്ലിലിറ്റര്‍ ബോട്ടിലിന് 18 രൂപയാണ് വില. തിരുവനന്തപുരത്തെ പെറ്റ്ബോട്ടില്‍ യൂണിറ്റില്‍ നിന്നുള്ള ഓറഞ്ച്, ജീരകം, പാം, ജിഞ്ചര്‍, ലെമണ്‍, ഗുവ എന്നീ രുചികളിലുള്ള കോളകളാണ് പുറത്തിറക്കിയത്. പനയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ മൂല്യവര്‍ധന ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കെല്‍പാമിന് തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് ഉത്പാദന യൂണിറ്റുകളാണുള്ളത്. ഇവിടങ്ങളില്‍ ആധുനികവത്കരണത്തിനും വൈവിധ്യവത്കരണത്തിനും നടപടികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് നിലവിലുള്ള സെമി ഓട്ടോമാറ്റിക് പെറ്റ്ബോട്ടില്‍ യൂണിറ്റ് ഫുള്ളി ഓട്ടോമാറ്റിക്കാക്കാനുള്ള നടപടികളിലാണ്. കെല്‍പാം ഉത്പന്നങ്ങള്‍ക്ക് സീസണ്‍ അനുസരിച്ച് ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ സംസ്‌കരിച്ച് ശീതികരിച്ച് സൂക്ഷിക്കാന്‍ കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഉത്പന്ന ഗുണമേന്‍മ ഉറപ്പാക്കാന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബും സജ്ജമാക്കി. ഈ രണ്ടു പദ്ധതികള്‍ക്കായി ഒരു കോടി രൂപ സര്‍ക്കാര്‍ നല്‍കി. കെല്‍പാം ഉത്പന്നങ്ങള്‍ക്ക് ബാര്‍കോഡ്, ട്രേഡ്മാര്‍ക്ക്, ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍, എഫ്.എസ്.എസ്.എ.ഐ എന്നീ അംഗീകാരങ്ങള്‍ ലഭിച്ചു. പനംപഴത്തില്‍ നിന്നും നൊങ്കില്‍ നിന്നും ഉത്പാദിപ്പിക്കുന്ന സ്‌ക്വാഷിനും ജാമിനും കെല്‍പാമിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. പനം സര്‍ബത്ത്, പനം കല്‍ക്കണ്ടം, പനം കരുപ്പട്ടി, പനം കിഴങ്ങും തേനും ചേര്‍ന്ന് കുട്ടികള്‍ക്കുള്ള പോഷകാഹാരം എന്നിവ ഉത്പാദിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ ആലത്തൂരിനടുത്തുള്ള കല്ലേപ്പുള്ളിയില്‍ ആധുനിക റൈസ് മില്ലിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.