കൊച്ചി : സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തേക്കുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കുസാറ്റിന്റെ അംഗീകാരമുള്ള പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ്,എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിങ്ങിൽ അഡ്വാൻസ് ഡിപ്ലോമ,സർട്ടിഫിക്കറ്റ് കോഴ്‌സുകളായ എയർപോർട്ട് പാസഞ്ചർ സർവ്വീസ് മാനേജ്‌മെന്റ്,എയർപോർട്ട് റാംപ് സർവീസ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്നത്.പി.ജി ഡിപ്ലോമ കോഴ്‌സുകൾ ഒരു വർഷം ദൈർഘ്യമുള്ളതും സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആറു മാസം ദൈർഘ്യമുള്ളതുമാണ്.
ഏവിയേഷൻ മാനേജ്‌മെന്റ്,എയർപോർട്ട് റാംപ് സർവ്വീസ്,പാസഞ്ചർ സർവ്വീസ് കോഴ്‌സുകൾക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫൈറ്റിങ് കോഴ്‌സിലേക്ക് സയൻസ് ഐച്ഛികവിഷയമായി പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാം.ഈ കോഴ്‌സിന് ഫിസിക്കൽ ടെസ്റ്റും വിദ്യാർത്ഥികൾ പാസാകണം. ക്ലാസ് റൂം പഠനത്തിനൊപ്പം പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകിയാണ് സിലബസ് വിഭാവനം ചെയ്തിരിക്കുന്നത്.
കോഴ്‌സിന്റെ ഭാഗമായി വ്യക്തിത്വ വികസനം, സോഫ്റ്റ് സ്‌കിൽ,ആശയവിനിമയം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും.കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റ് അംഗീകൃത സർട്ടിഫിക്കറ്റുമാണ് ഈ കോഴ്സുകൾക്ക് നൽകുന്നത്.കേരളത്തിലെ സർവകലാശാല അംഗീകൃത ഏവിയേഷൻ കോഴ്സുകൾ നൽകുന്ന ഏക സ്ഥാപനമായ സിഐഎഎസ്എൽ അക്കാദമിക്ക് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ,എയർപോർട്സ് കൗൺസിൽ ഇന്റർനാഷണൽ എന്നിവയുടെ അംഗീകാരവുമുണ്ട്. വിമാനത്താവള പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിഞ്ഞ് പഠിക്കാമെന്നതാണ് ക്യാമ്പസിന്റെ പ്രത്യേകത. നിലവാരമുള്ള പാഠ്യപദ്ധതിയിലൂടെ ഏവിയേഷൻ മേഖലയിലെ പുത്തൻ മാറ്റങ്ങൾക്കനുസരിച്ചുള്ള പ്രായോഗിക പരിശീലനമാണ് അക്കാദമി നൽകുന്നത്. അതിനാൽ തന്നെ ആഗോളതലത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ഇവിടുത്തെ കോഴ്സുകൾ. ഓരോ കോഴ്‌സുകൾക്കും 50 സീറ്റുകൾ വീതമാണുള്ളത്.താല്പര്യമുള്ളവർക്ക് https://academy.ciasl.aero/ എന്ന ലിങ്ക് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8848000901,0484-2611785,ഇമെയിൽ: academy@ciasl.in
