• admin

  • January 1 , 2021

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം മുപ്പത്തിയേഴാം ദിവസത്തിലേക്ക്. ബദല്‍ നിര്‍ദേശം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കര്‍ഷക സംഘടനകള്‍ തളളി. നിയമം പിന്‍വലിക്കാതെ ഒത്തുതീര്‍പ്പുണ്ടാകില്ലെന്ന് അറിയിച്ച്‌ സംഘടനകള്‍ സര്‍ക്കാരിന് കത്ത് നല്‍കി. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിളിച്ച അഞ്ചാമത്തെ യോഗത്തിലും സമവായം ആയില്ല. അതേസമയം, കര്‍ഷക സംഘടനകള്‍ മുന്നോട്ടുവച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിന്‍വലിക്കുക, വയല്‍ അവശിഷ്‌ടങ്ങള്‍ കത്തിക്കുന്നതിന് എതിരെയുളള നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുളള നിയമത്തിന്റെ കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ ജനുവരി നാലിന് നടക്കും. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ വേറിട്ട രീതിയിലാണ് പുതുവര്‍ഷം ആഘോഷിച്ചത്. സമരത്തിനിടെ മരിച്ച കര്‍ഷകരുടെ സ്‌മരണയ്ക്ക് മുന്നില്‍ ദീപാഞ്ജലി അര്‍പ്പിച്ചാണ് കര്‍ഷകര്‍ പുതുവര്‍ഷം ആഘോഷിച്ചത്. പുതുവര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് നല്ല ബുദ്ധി തോന്നട്ടെയെന്നാണ് കര്‍ഷകര്‍ പറയുന്നത്.